കവടിയാറിലെ അപകടമരണം; വിരല്‍ചൂണ്ടുന്നത് ട്രാഫിക് ക്രമീകരണങ്ങളിലെ പാളിച്ച
text_fieldsകുറവന്‍കോണം-കവടിയാര്‍ റോഡില്‍ യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായ സ്ഥലം. തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളും കാണാം
പേരൂര്‍ക്കട: കുറവന്‍കോണം-കവടിയാര്‍ റോഡില്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളിന് സമീപം വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടമരണം വിരല്‍ചൂണ്ടുന്നത് ട്രാഫിക് ക്രമീകരണങ്ങളിലെ പാളിച്ചകളിലേക്ക്. കുറവന്‍കോണം സ്വദേശി മോഹന്‍ തോമസ് (75) ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിൽ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശിനി എന്‍. നൗഷിജ (25) മരിച്ചു. ഇവരുടെ ഭര്‍ത്താവ് ആഷിഖ് ഇനിയും അപകടനില തരണംചെയ്തിട്ടില്ല. അപകടസാധ്യത കൂടിയ മേഖലകളില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള ഫുട്പാത്തില്‍ സുരക്ഷ വേലികള്‍ സ്ഥാപിച്ചിട്ടില്ല. ഇന്റര്‍ലോക്കിട്ട നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട കാര്‍ യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
പലപ്പോഴും കുറവന്‍കോണം-കവടിയാര്‍ റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ല. രാവിലെയും വൈകുന്നേരങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും ഭക്ഷണശാലകള്‍ സജീവമാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടങ്ങളിൽ എത്തുന്നത്. ഇവർ ആഹാരം കഴിക്കുന്നതും വഴിയോരത്താണ്. ഇടക്കാലത്ത് പൊലീസ് ഇടപെട്ട് വഴിയോര കച്ചവടം വിലക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പുനരാരംഭിച്ചു. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമല്ല. സ്വകാര്യ സ്കൂളിന് സമീപം ഹോം ഗാര്‍ഡുകളുടെ സേവനം മാത്രമാണുള്ളത്. കവടിയാറിലെ ട്രാഫിക് കാമറകള്‍ ഇടക്കിടെ പ്രവര്‍ത്തനരഹിതമാകുന്നു.
ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കുറവന്‍കോണം-കവടിയാര്‍ റോഡിലൂടെ അമിതവേഗത്തിലാണ് കാറുകളും ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിന് യാതൊരു സംവിധാനവുമില്ല. ഇവിടുത്തെ ബൈക്ക്, കാര്‍ റേസിങ് കുപ്രസിദ്ധിയാർജിച്ചതാണ്. ഇതിന് അവസാനം വരുത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന പതിവൊന്നും ഈ ഭാഗത്തില്ല. ആകെയുള്ളത് കെല്‍ട്രോണ്‍ സ്ഥാപിച്ച രണ്ട് കാമറകളാണ്. ഇവ വാഹനങ്ങളുടെ അമിതവേഗം 50 കിലോമീറ്റര്‍ സ്പീഡ് കഴിഞ്ഞാല്‍ രേഖപ്പെടുത്തുമെങ്കിലും മിക്ക വാഹനയാത്രികരും ഇതിനെക്കുറിച്ച് അജ്ഞരാണ്. വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള പിഴയുള്ള കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. പേരൂര്‍ക്കട പൊലീസും മ്യൂസിയം പൊലീസും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് റോഡ്. അമിതവേഗത്തിനും ഫിറ്റ്നസ് ഇല്ലാതെ വാഹനം കൈകാര്യം ചെയ്യുന്നതിനും കനത്ത പിഴശിക്ഷ ഉറപ്പാക്കിയാലേ രാജവീഥിയില്‍ ഇനിയൊരു അപകട മരണം ഉണ്ടാകാതിരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

