പൊഴി ഇന്ന് തുറക്കും; വീണ്ടും പഠനത്തിന് സി.ഡബ്ല്യു.പി.ആർ.എസ്.
text_fieldsഎസ്കവേറ്റർ ഉപയോഗിച്ച് പൊഴി മുറിക്കുന്നു
ചിറയിൻകീഴ്: മണ്ണ് മൂടിയടഞ്ഞ പൊഴിമുറിക്കൽ വെള്ളിയാഴ്ച പൂർത്തിയാകും. നിലവിൽ എസ്കവേറ്ററുകൾ ഉപയോഗിച്ച് അടഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് പൂർണമായും മണൽ നീക്കം ചെയ്യുവാൻ ആരംഭിച്ചത്.
നേരത്തെ ചന്ദ്രഗിരി ഡ്രഡ്ജർ മുതലപ്പൊഴിയിൽ എത്തിയതിനു ശേഷം മാത്രമേ പൊഴി പൂർണമായി മുറിക്കുവാൻ അനുവദിക്കുവെന്നാണ് സമരസമിതി നിലപാട് സ്വീകരിച്ചിരുന്നത്. കണ്ണൂരിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ വ്യാഴാഴ്ച വൈകീട്ടോടെ കൊല്ലം നീണ്ടകര തീരത്ത് എത്തി. വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തും.
ഇതിന്റെ അനുബന്ധ യന്ത്രസാമഗ്രികൾ റോഡ് മാർഗം കഴിഞ്ഞദിവസം എത്തിച്ചിരുന്നു. വീണ്ടും പഠനത്തിന് സി.ഡബ്ല്യു.പി.ആർ.എസ് സംഘവും മുതലപ്പൊഴിയിൽ എത്തും. അഴിമുഖത്ത് അനിയന്ത്രിതമായി മണൽത്തിട്ട രൂപപ്പെട്ടതിനെ കുറിച്ച് പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടത്തിയിട്ടുള്ള മോഡൽ സ്റ്റഡി റിപ്പോർട്ട് ഒന്നുകൂടി പരിശോധിക്കുന്നതിനുമായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനിലെ വിദഗ്ധ സംഘം എത്തുന്നത്.
ഇപ്പോൾ രൂപപ്പെട്ട മണൽത്തിട്ട നേരത്തെയുള്ള ഇവിടെ പഠനങ്ങൾ ഒന്നും പ്രതീക്ഷിക്കാത്തതാണ്. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി വീണ്ടും വിഷയം പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ശാസ്ത്രസംഘം എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.