സിഗ്നൽ കാര്യക്ഷമമല്ല; അട്ടക്കുളങ്ങര അപകടമേഖല
text_fieldsഅട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്
തിരുവനന്തപുരം: തിരക്കേറിയ അട്ടക്കുളങ്ങര ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമല്ലാത്തതുമൂലം ഗതാഗതക്കുരുക്ക് പതിവായി. അട്ടക്കുളങ്ങര ബൈപാസ് റോഡ് പണി പൂർത്തിയാതോടെ ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് സിഗ്നൽ സംവിധാനം വീണ്ടും പ്രവർത്തിപ്പിച്ച് തുടങ്ങിയത്. എന്നാൽ വൈകീട്ട് മാത്രമാണ് മിക്കദിവസങ്ങളിലും പ്രവർത്തിക്കുക. പകൽ ചില സമയങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസുകാർ എത്താറുണ്ടെങ്കിലും പലപ്പോഴും വാഹനങ്ങൾ തോന്നുംപടി കടന്നുപോവുന്ന സ്ഥിതിയാണ്. ഇത് കാൽനടയാത്രക്കാരടക്കം അപകടത്തിൽപ്പെടാൻ കാരണമാവുന്നു.
സിഗ്നൽ ലൈറ്റിന് അശാസ്ത്രീയമായി സമയം സെറ്റ് ചെയ്തതും സുഗമമായ ഗതാഗതത്തിന് തടസ്സമാണ്. കൂടുതൽ വാഹനങ്ങൾ കടന്നുപോവുന്ന കിഴക്കേക്കോട്ട-മണക്കാട് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ കടന്നുപോവുന്നതിന് കുറഞ്ഞ സമയം മാത്രമാണ് സെറ്റ് ചെയ്തത്. നാലോ അഞ്ചോ വാഹനങ്ങൾ കടന്നുപോകുമ്പോഴേക്കും സിഗ്നൽ മാറും. ഇത് പലപ്പോഴും അട്ടക്കുളങ്ങര ജങ്ഷൻ മുതൽ വെട്ടിമുറിച്ച കോട്ട വരെയുള്ള ഭാഗത്തും മറുവശത്ത് ഫോർട്ട് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടാൻ കാരണമാവുന്നു.
അട്ടക്കുളങ്ങര ബൈപാസ് റോഡ്, അട്ടക്കുളങ്ങര- മണക്കാട് റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശങ്ങളിലും നിരവധി വാഹനങ്ങളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇതും മേഖലയിൽ വലിയ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കടക്കം തടസ്സവും സൃഷ്ടിക്കുന്നു. പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തുന്നടക്കം അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും പൊലീസും കോർപറേഷനും ഇക്കാര്യത്തിൽ ഇടപെടാൻ തയാറായിട്ടില്ല. ഇതിന് പുറമേയാണ് മേഖലയിലാകെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന അട്ടക്കുളങ്ങരയിലെ അശാസ്ത്രീയ സിഗ്നൽ സംവിധാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.