ട്രെയിനിൽ യാത്രക്കാരുടെ ഫോണുകൾ മോഷ്ടിച്ചു; അസം സ്വദേശി പിടിയിൽ
text_fieldsതിരുവനന്തപുരം: അമൃത എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ജി.ആർ.പി തിരുവനന്തപുരം സംഘവും ചേർന്ന് പിടികൂടി.
അസം നാഗാവ് സ്വദേശി അസദുൽ ഇസ്ലാം (30) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 28 ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി സ്വദേശിനിയായ 21കാരിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്. ഒക്ടോബർ 29ന് പുലർച്ചെ 4.30 ഓടെ കഴക്കൂട്ടം റെയിൽവെ സ്റ്റേഷന് സമീപമാണ് മോഷണം നടന്നത്. ഏകദേശം 48,500 രൂപ വിലവരുന്ന രണ്ട് ഫോണുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതി നൽകിയ പരാതിയിൽ ജി.ആർ.പി തിരുവനന്തപുരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മറ്റൊരാൾക്ക് വിറ്റതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തുടർനടപടികൾക്കായി ജി.ആർ.പി പൊലീസിന് കൈമാറി.
ഫോണുകൾ വാങ്ങിയ വ്യക്തിയെ കണ്ടെത്തുന്നതിനും അവ വീണ്ടെടുക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവെ പൊലീസ് എസ്.പി. കൃഷ്ണകുമാറിന്റെയും നിർദേശാനുസരണമാണ് അന്വേഷണം നടത്തിയത്.

