നെയ്യാര്‍ ജലസേചന പദ്ധതിയിലെ വെള്ളത്തിനായി തമിഴ്നാട്
text_fieldsഇടതുകര കനാലിന്റെ തമിഴ് നാട്ടിലേക്കുള്ള ഭാഗം
പാറശ്ശാല: മുല്ലപ്പെരിയാറിനു സമാനമായി നെയ്യാര്‍ ജലസേചന പദ്ധതിയിലെ വെള്ളത്തിനായി തമിഴ്നാട്ടില്‍ നീക്കങ്ങള്‍ ശക്തമാക്കി കന്യാകുമാരി ജില്ലയിലെ എം.എല്‍.എമാരും രാഷ്ടീയ നേതാക്കളും. ഇടതുകര കനാല്‍ വഴിയുള്ള വെള്ളം തമിഴ്നാടിന് അവകാശപ്പെട്ടതാണെന്നും ഇത് ജില്ലയിലെ നദികളിലൂടെ തമിഴ്നാട്ടിലെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാന്‍ മുന്‍ കൈയെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്.
നെയ്യാര്‍ ഇടതുകര കനാലില്‍ നിന്നുള്ള വെള്ളത്തിനായി മുമ്പും കന്യാകുമാരി ജില്ലയില്‍ രാഷ്ടീയകക്ഷികള്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നാലു പതിറ്റാണ്ടിലേറെക്കാലം ഔദ്യോഗിക കരാറുകളില്ലാതെ പരസ്പര ധാരണയുടെ പുറത്താണ് കേരളം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലേക്ക് വെള്ളം നല്‍കിയിരുന്നത്. 2004 മുതല്ക്കാണ് നെയ്യാറിലെ ജല ദൗര്‍ലഭ്യം കാരണം തമിഴ്നാടിന് വെള്ളം കൊടുക്കുന്നത് നിര്‍ത്തിവെച്ചത്. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നടന്നു വരികയാണ്.
കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ പ്രദേശങ്ങളിലേക്ക് മുന്‍ കാലത്തെപ്പോലെ വെള്ളം എത്തിക്കണമെന്ന ആവശ്യമാണ് അവിടുത്തെ ജനപ്രതിനിധികള്‍ ഉന്നയിച്ചത്. നെയ്യാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായ ഇടതുകര കനാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനുമായി നിര്‍മിച്ചതാണ്. തിരുവനന്തപുരം ജില്ലയിലെ വലിയൊരു പ്രദേശത്തിന്റെ ജലസ്രോതസ്സാണ് ഈ കനാല്‍. ഇടതുകര കനാലിലിന് 33.82 കിലോമീറ്റര്‍ നീളവും ശാഖകളും വിതരണ കനാലുകളും ചേര്‍ന്ന് ഏകദേശം 80 കിലോമീറ്ററോളം നീളമുള്ള ശൃംഖലയാണുള്ളത്.
നെയ്യാര്‍ ഡാമില്‍ നിന്നും ആരംഭിച്ച് കള്ളിക്കാട്, ആര്യങ്കോട്, പെരുങ്കടവിള, മാരായമുട്ടം, കൊല്ലയില്‍, പാറശാല പ്രദേശങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്. കേരളതമിഴ്നാട് അന്തര്‍ സംസ്ഥാന ജലതര്ക്കങ്ങളുമായി ബന്ധപ്പെട്ട നെയ്യാര്‍ ഇടതുകര കനാലില്‍ നിന്ന്തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള വിളവന്‍കോട് താലൂക്കി ലേക്ക് വെള്ളമെത്തിക്കാന്‍ ശ്രമം നടക്കുമ്പോഴും ഔദ്യോഗികമായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടാതിരുന്നതിനാലും ജലക്കരം സംബന്ധിച്ച തര്‍ക്കങ്ങള്‍ മൂലവും വെള്ളം നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു. അറ്റകുറ്റപ്പണി കുറവും കൃത്യമായ ശുചീകരണത്തിന്റെ കുറവും കാരണം കനാലില്‍ പലയിടത്തും മണ്ണും കാടും മൂടി ജലപ്രവാഹം തടസ്സപ്പെടാറുണ്ട്.
കനാലിന്റെ വശങ്ങളില് ഉണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണം കൃഷിയിടങ്ങളിലേക്ക് വെള്ളം കൃത്യസമയത്ത് എത്താതിരിക്കുന്നതും വേനല്‍ക്കാലത്ത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതിനിടയിലാണ് തമിഴ്നാടിന്റെ അവകാശവാദം. തിരുകൊച്ചി സംസ്ഥാനത്തിന്റെ കാലത്ത് 1951ലാണ് നെയ്യാര്‍ ജലസേചന പദ്ധതി ആരംഭിച്ചത്. 1958ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് ആണ് കളിയിക്കാവിളയില്‍ നെയ്യാര്‍ ഇടതുകര കനാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
രേഖാമൂലമുള്ള കരാറില്ലാത്ത പ്രതിവര്‍ഷം ഏകദേശം 150 ക്യുസെക്സ് വെള്ളം കേരളം തമിഴ്നാടിന് നല്കിപ്പോന്നു. നെയ്യാര്‍ ഒരു അന്തര്‍ സംസ്ഥാന നദിയാണോയെന്നും സംസ്ഥാന പുനഃസംഘടന നിയമപ്രകാരം വെള്ളം നല്കാന് കേരളത്തിന് നിയമപരമായ ബാധ്യതയുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2012ല്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതി നെത്തുടര്‍ന്നുള്ള നിയമനടപടികള്‍ നിലവിലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

