ശുചീകരണം പാളി, മാലിന്യം കുന്നുകൂടുന്നു ;പകർച്ചവ്യാധികളുടെ പിടിയിലമർന്ന് തലസ്ഥാനം
text_fieldsതിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയും മാലിന്യസംസ്കരണത്തിലെ കെടുകാര്യസ്ഥതയും മൂലം തലസ്ഥാനം പകർച്ചവ്യാധികളുടെ ഭീതിയിൽ. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനത്ത് ഒന്നാമതാണ് ഇപ്പോൾ തിരുവനന്തപുരം. എലിപ്പനി, ചിക്കുൻഗുനിയ, ഷിഗല്ലെ എന്നിവയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോർപറേഷൻ പരിധിയിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്.
വകുപ്പുകളുടെ ഏകോപനം കടലാസിലൊതുങ്ങി
മഴക്കാലപൂർവ ശുചീകരണത്തിനായി തദ്ദേശ ഭരണ വകുപ്പിന് കീഴിൽ പൊതുമരാമത്ത്, ജലഅതോറിറ്റി, ആരോഗ്യവകുപ്പ്, സ്വിവറേജ് ഡിവിഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് നിയമസഭയിലടക്കം നിർദേശമുണ്ടായിരുന്നു. എന്നാൽ, പ്രായോഗികതലത്തിൽ ഇത്തരം ഏകോപനം ഇല്ലാത്തത് വലിയ തിരിച്ചടിയായി. ശുചീകരണത്തിനായി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും കൃത്യമായ ആസൂത്രണമില്ലാത്തതിനാൽ തുക പാഴാകുകയാണെന്ന ആക്ഷേപം ശക്തമാണ്.
മാലിന്യനീക്കം അവതാളത്തിൽ
പുതിയ ഭരണസമിതി അധികാരമേറ്റ് ആറുമാസം പിന്നിട്ടിട്ടും മാലിന്യസംസ്കരണ വിഷയത്തിൽ ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഹരിതകർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാത്തതാണ് പ്രധാന പ്രതിസന്ധി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഖര-ദ്രവ മാലിന്യങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റാൻ ദിവസങ്ങളോളം വൈകുന്നു. ഇതോടെ നഗരത്തിലെ റോഡരികുകളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. ചാല, ഈഞ്ചക്കൽ ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങൾ മാലിന്യക്കൂമ്പാരമായി മാറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
വാഗ്ദാനങ്ങൾ വെറുതെയായി
ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത പ്ലാന്റ് നിർമിക്കുമെന്ന കോർപറേഷൻ ഭരണസമിതിയുടെ വാഗ്ദാനവും ഗംഗ ശുദ്ധീകരണ മാതൃകയിൽ നഗരത്തിലെ ജലാശയങ്ങൾ ശുചിയാക്കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനവും നടപ്പായില്ല. നഗരത്തിലെ പ്രധാന ജലാശയങ്ങളായ കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട് എന്നിവ ഇന്നും മലിനമായി തുടരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ മുതൽ ഡയപ്പർ വരെ ഈ തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്ന താൽകാലിക ജീവനക്കാരുടെ കരാർ പുതുക്കാത്തതും പ്രതിസന്ധി വർധിപ്പിച്ചു. തോടുകൾ വൃത്തിയാക്കാത്തത് ഒഴുക്ക് തടസ്സപ്പെടാനും കൊതുക് വംശവർധനവിനും കാരണമാകുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

