മുഖം മൂടി മുട്ടിലിരുന്ന് വനിത സി.പി.ഒ ഉദ്യോഗാർഥികൾ
text_fieldsനിയമനമാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ മുഖംമൂടി ധരിച്ച് കൈയും പിന്നിൽ കെട്ടി മുട്ടുകാലിൽ നിന്ന് പ്രതിഷേധിച്ചപ്പോൾ - അരവിന്ദ് ലെനിൻ
തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാല് ദിനം ശേഷിക്കേ സമരംകടുപ്പിച്ച് വനിത പൊലീസ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ മുഖം കറുത്ത തുണികൊണ്ട് മൂടി കൈകൾ പിന്നിൽ കെട്ടിവെച്ച് മുട്ടുകുത്തി നിന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും മുമ്പുള്ള അവസാന മന്ത്രിസഭയാണ് ബുധനാഴ്ച നടക്കുന്നത്. അതിലാണ് ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷ.
സർക്കാർ തീരുമാനം അനുകൂലമായില്ലെങ്കിൽ ജീവിതം ഇരുട്ടിലാകുമെന്നാണ് സമരക്കാർ പറയുന്നത്. 500ലധികം ഒഴിവുകളുണ്ടായിട്ടും റാങ്ക്ലിസ്റ്റിലെ 350പേരെ നിയമിക്കാതിരിക്കുന്നത് എന്തെന്ന ചോദ്യവും സമരക്കാർ ഉന്നയിക്കുന്നു. വിഷുദിനത്തിൽ ഉദ്യോഗാർഥികൾ സ്വന്തം ചോരകൊണ്ട് വെളുത്ത കടലാസിൽ സേവ് ഡബ്ല്യൂ.സി.പി.ഒ 595-2022 എന്നെഴുതി നടപ്പാതയിൽ പ്രദർശിപ്പിച്ചു.
ഭിക്ഷയെടുത്തു കിട്ടിയ പണംകൊണ്ട് അവർ സെക്രട്ടേറിയറ്റിനു മുന്നിലെ തിരക്കേറിയ നടപ്പാതയിൽ കണിയൊരുക്കി. വിഷുസദ്യക്ക് വകയില്ലാത്തതിനാൽ കഞ്ഞികുടിച്ച് തെരുവിലിരുന്നു. വിഷു ദിനത്തിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ശരണ്യ, (എറണാകുളം), മഞ്ജു (ആലപ്പുഴ) എന്നീ ഉദ്യോഗാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. ജിൻഷ (കണ്ണൂർ), അശ്വനി (മലപ്പുറം) എന്നിവർ നിരാഹാരമേറ്റെടുത്തു.
സമരം തുടങ്ങിയ ഏപ്രിൽ രണ്ട് മുതൽ വളരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നിരാഹാരം കിടന്നും മുട്ടിലിഴഞ്ഞും ഉപ്പുകല്ലിൽനിന്നും കൈയിൽകർപ്പൂരം കത്തിച്ചും നിലത്തിഴഞ്ഞും ഭിക്ഷയെടുത്തും മൂകാഭിനയത്തിലൂടെ തങ്ങളുടെ അവസ്ഥ അവതരിപ്പിച്ചും സമരം തുടരുന്നു. റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി കിട്ടാത്ത അവസ്ഥയിൽനിന്ന് മോചനം ഉണ്ടാകണമെന്ന അപേക്ഷ മാത്രമാണ് ഉദ്യോഗാർഥികൾ സർക്കാറിനുമുന്നിൽ അവതരിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.