കെ-സ്മാര്‍ട്ട്: എം.എല്‍.എയുടെ മകള്‍ക്ക് ലൈവായി ജനന സര്‍ട്ടിഫിക്കറ്റ്
text_fieldsനിയമസഭ സാമാജികര്‍ക്കായി നടത്തിയ സ്പെഷല്‍ സെഷനില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ കെ-സ്മാര്‍ട്ടിലൂടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നു
തിരുവനന്തപുരം: ലൈവായി മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വി.കെ. പ്രശാന്ത് എം.എല്‍.എ. സ്മാര്‍ട്ട് ഗവേണന്‍സിന് സാക്ഷികളായി നിയമസഭ സാമാജികര്‍. ഇ-ഗവേണന്‍സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമായ കെ-സ്മാര്‍ട്ട് സേവനം ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നിയമസഭ സാമാജികര്‍ക്കായി നടത്തിയ സ്പെഷല്‍ സെഷനിലാണ് നിമിഷ നേരത്തിനകം കെ-സ്മാര്‍ട്ടിലൂടെ ജനന സര്‍ട്ടിഫിക്കറ്റ് തത്സമയം എം.എല്‍.എ എടുത്തത്.
പദ്ധതി തിരുവനന്തപുരം ജില്ല പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ട്രയല്‍ റണ്‍ നടത്തിവരികയാണ്. നഗരസഭകളില്‍ നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൈവരിച്ച നേട്ടങ്ങളും ഗുണഫലങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ചടങ്ങില്‍ വിശദീകരിച്ചു.
പഞ്ചായത്തുകളിലെ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം, കെട്ടിട നിര്‍മാണ അനുമതിക്കുള്ള ‘സങ്കേതം’, ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കായുള്ള ‘സ്ഥാപന’ തുടങ്ങിയ സോഫ്റ്റ്വെയറുകള് മുഖേനയുള്ള പ്രവര്‍ത്തനങ്ങൾ കെ-സ്മാര്‍ട്ട് പ്ലാറ്റ്ഫോമിലേക്ക് മാറും. ഇവയില്‍ നിലവിലുള്ള ഫയലുകൾ മാര്‍ച്ച് 31നുള്ളില്‍ തീര്‍പ്പാക്കും.
ജനന, മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുമ്പ് ഏഴു ദിവസമെങ്കിലും വേണ്ടിയിരുന്നു. കെ-സ്മാര്‍ട്ടിലൂടെ ഇത് 25 മിനിറ്റില്‍ സാധ്യമാകും. 10 ദിവസം ആവശ്യമായിരുന്ന വിവാഹ രജിസ്ട്രേഷന് കെ-സ്മാര്ട്ടില് പരമാവധി ഒരു ദിവസം മതി. വിഡിയോ കെ.വൈ.സി മുഖേന മറ്റ് നൂലാമാലകളില്ലാതെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. ലോകത്തിന്റെ ഏതു കോണിലിരുന്നും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകും. കെട്ടിട നിര്‍മാണ അനുമതിക്ക് 30 ദിവസം വേണ്ടിയിരുന്നിടത്ത് കെ-സ്മാര്ട്ടില് 30 സെക്കൻഡ് മതിയാകും.
ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, വി.എന്‍. വാസവന്, ഒ.ആര്. കേളു, തദ്ദേശ സ്പെഷല്‍ സെക്രട്ടറി ടി.ഡി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.