കെ-സ്മാര്ട്ടില് സ്മാര്‍ട്ടായി കേരളം; തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷ. 2024 ജനുവരി ഒന്നുമുതല്‍ 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പറേഷനുമടക്കം 93 തദ്ദേശ സ്ഥാപനങ്ങളിലായി 3,05,7611 ഫയലാണ് കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ഇതില്‍ 2,31,1357 ഫയലും തീര്‍പ്പാക്കി. ആകെ കൈകാര്യംചെയ്ത ഫയലിന്റെ 75.6 ശതമാനമാണിത്. 5,04,712 ഫയൽ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ ഉദ്യോഗസ്ഥതലത്തിലുള്ളവര്ക്ക് അറിയാന്‍ സംവിധാനമുണ്ട്.
ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനും സംവിധാനവും ഒരുങ്ങും. ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കെ-സ്മാര്ട്ടില് നിലവില്‍ സിവില്‍ രജിസ്ട്രേഷന് (ജനന-മരണ-വിവാഹ രജിസ്ട്രേഷന്), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍), വസ്തുനികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ് പെര്മിഷന് മൊഡ്യൂള്‍, പൊതുജന പരാതിപരിഹാരം എന്നീ എട്ട് മൊഡ്യൂളും ‘നോ യുവര്‍ ലാന്‍ഡ്’ ഫീച്ചറുമാണ് ലഭ്യമായിട്ടുള്ളത്.
അടുത്ത ഘട്ടത്തില്‍ പ്ലാനിങ് മൊഡ്യൂള്‍, ഗ്രാമസഭ മീറ്റിങ് മാനേജ്മെന്റ്, പെന്ഷന് സേവനങ്ങള്‍, സര്‍വേ ആന്‍ഡ് ഫോംസ്, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വെയിസ്റ്റ് മാനേജ്മെന്റ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാകും. വ്യത്യസ്ത സ്ഥലങ്ങളിളുള്ളവര്ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് രാജ്യത്താദ്യമായി വിഡിയോ കെ.വൈ.സി അവതരിപ്പിച്ചതും കെ-സ്മാര്‍ട്ടാണ്.
കൂടുതല്‍ മൊഡ്യൂളുകള്‍ സേവനങ്ങള്‍ക്കായി കൂട്ടിച്ചേര്‍ക്കാനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നു. കെ-സ്മാര്‍ട്ട് പൂര്‍ണസജ്ജമാകുന്നതോടെ ‘സന്തോഷമുള്ള പൗരന്മാര്, സന്തോഷമുള്ള ജീവനക്കാര്‍’ എന്ന ലക്ഷ്യം പ്രാവര്‍ത്തികമാകും.
ആവശ്യപ്പെടുന്ന രേഖകള്‍ ലഭ്യമാക്കാന്‍ വേണ്ട വാട്സ്ആപ് ഇന്റഗ്രേഷന്‍ പ്രോസസും പുരോഗമിക്കുകയാണ്. മുഴുവന്‍ ഫീച്ചറും നടപ്പാകുന്ന ഘട്ടത്തില്‍ പ്രൊഡക്ടീവ് ഗവേണന്‍സ് എന്ന നിലയിലേക്ക് സേവനം നല്‍കാനും കെ-സ്മാര്ട്ടിന് കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.