Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഒരുങ്ങി; ഇന്ന് പൂജവെപ്പ്

text_fields
bookmark_border
ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഒരുങ്ങി; ഇന്ന് പൂജവെപ്പ്
cancel

തിരുവനന്തപുരം: നവരാത്രിയുടെ ഏഴാം ദിനമായ ഞായറാഴ്ച വൈകീട്ട് ദുര്‍ഗാഷ്ടമി ആരംഭിച്ചതോടെ തിങ്കളാഴ്ച ആചാരപ്രകാരമുള്ള പൂജവെപ്പ് ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും നടക്കും. മഹാനവമി ചൊവ്വാഴ്ചയാണ്. വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഒമ്പത് രാത്രികളിലെ പൂജയും പത്താം നാള്‍ രാവിലെ നടക്കുന്ന പൂജയെടുപ്പും ഇക്കുറി 11 നാളിലേക്ക് നീണ്ടു. ഒരു ആചാരപ്രകാരം 18 നും മറ്റൊന്നില്‍ 19 നും ദുര്‍ഗാഷ്ടമി ആരംഭിക്കും.

അതിന്‍പ്രകാരം ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ചയും പൂജവെക്കും. അഷ്ടമി, നവമി, ദശമി എന്നീ നാളുകളിലാണ് നവരാത്രിയിലെ പ്രധാന പൂജാക്രമം. ഈ വര്‍ഷം നവരാത്രിയുടെ തുടക്കം 11നും 12നുമായിരുന്നു. 11ന് ആരംഭിച്ച പൂജാക്രമത്തിലാണ് ഞായറാഴ്ച ദുര്‍ഗാഷ്ടമി എത്തുന്നത്. 12ന് ആരംഭിച്ച കോട്ടക്കകം നവരാത്രി മണ്ഡപമുള്‍പ്പെടെ സ്ഥലങ്ങളില്‍ 19നാണ് ദുര്‍ഗാഷ്ടമി. സപ്തമി 17,18 തീയതികളിലേക്ക് നീണ്ടതാണ് പൂജവെപ്പിന് 11 നാളെത്തിയത്. കോട്ടക്കകം നവരാത്രി മണ്ഡപത്തില്‍ പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് എഴുന്നള്ളിച്ച തേവാരക്കെട്ട് സരസ്വതിദേവിയുടെ പൂജക്കിരുത്ത് തൊഴാന്‍ നിരവധി ഭക്തരാണ് ദിവസവുമെത്തിയത്.

സരസ്വതീ ദേവിക്കൊപ്പം എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും തൊഴാന്‍ ആര്യശാല ഭഗവതീക്ഷേത്രത്തിലും നിരവധി ഭക്തര്‍ എത്തുന്നുണ്ട്. ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതീ ക്ഷേത്രത്തിലാണ് പൂജക്കിരുത്തിയത്. നവരാത്രി മണ്ഡപത്തില്‍ 400 ഓളം കുട്ടികളെ എഴുത്തിനിരുത്തും. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാസന്റെ നടയിലും വിദ്യാരംഭം നടക്കും. ആറ്റുകാല്‍ ഭഗവതീക്ഷേത്രം, കരിക്കകം ചാമുണ്ഡീക്ഷേത്രം തുടങ്ങി തലസ്ഥാനത്തെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവീക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾ അരങ്ങേറും.

കാട്ടാക്കട: ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ പൂജവെപ്പും വിദ്യാരംഭവും ഉത്സവം തുടങ്ങി. 21ന് സമാപിക്കും. 21ന് രാവിലെ 7ന് പൂജയെടുപ്പ്, 7.15ന് വിദ്യാരംഭം. റിട്ട. അധ്യാപിക സുജ കെ.എസ്. കുട്ടികളെ എഴുത്തിനിരുത്തും. കൊറ്റംപള്ളി എസ്.എൻ.ഡി.പി. ശാഖയിലെ നവരാത്രി ഉത്സവം തുടങ്ങി. 21ന് സമാപിക്കും. 19 ന് വൈകീട്ട് 5.15 ന് ദുർഗാപൂജ, 21ന് രാവിലെ 7.15-ന് പൂജയെടുക്കൽ, 8 ന് വിദ്യാരംഭം. 8.15-ന് സരസ്വതി അഷ്ടോത്തര പൂജ. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ 21ന് രാവിലെ 7.30 ന് വിദ്യാരംഭത്തിന് ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി നേതൃത്വം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Navaratri 2026: Temples and Cultural Centers All Set for Pooja Vepu Today
Next Story