പൊലീസുകാരന്റെ പരാക്രമം; കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു
text_fieldsകോവളം: വിഴിഞ്ഞത്ത് പൊലീസുകാരന്റെ പരാക്രമം, കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു. നാട്ടുകാരും പൊലീസും വളരെ ശ്രമപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്. തുടർന്ന് സ്റ്റേഷനിലും പ്രതി വെല്ലുവിളി തുടർന്നു. കോൺഗ്രസുകാരനാണെന്നും ആഭ്യന്തര മന്ത്രി തന്റെ ആളാണെന്നും പറഞ്ഞാണ് സ്റ്റേഷനിൽ അസഭ്യവർഷവും മറ്റ് പരാക്രമങ്ങളും നടത്തിയതത്രേ. ബൈപ്പാസ് സർവീസ് റോഡിൽ മുക്കോല തലക്കോട് ഭാഗത്ത് വെള്ളിയാഴ്ച രാത്രി 7.15 ഓടെ നടന്ന സംഭവത്തിൽ മുക്കോല അഥിതിയിൽ ശന്തനു (36) നാണ് പരിക്കേറ്റത്.
ഇയാളുടെ ഭാര്യ സ്വാതിയും അഞ്ചു വയസുകാരിയായ മകളും കുഞ്ഞമ്മയായ രാജലക്ഷ്മിയും ഒപ്പം സഞ്ചരിക്കുമ്പോഴാണ് സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ വശത്ത് പ്രതിയായ മറൈൻ എൻഫോഴ്സ്മെന്റിലെ പൊലീസുകാരനായ ടിജു (30) ബൈക്ക് കൊണ്ട് ഇടിച്ച ശേഷമായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ നിന്നുപോയി. തുടർന്ന് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ പ്രതി ആക്രമണം നടത്തിയത്.
ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ ശന്തനുവിനെ പ്രതി ഹെൽമറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ഓടി കൂടി പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൽപ്പിടത്തത്തിലാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

