ആത്മഹത്യചെയ്ത ആനന്ദ് കെ. തമ്പിയെ തള്ളിപ്പറഞ്ഞ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനവുമായി ആർ.എസ്.എസ്
text_fieldsബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്
തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയെ തള്ളിപ്പറഞ്ഞ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനവുമായി ആർ.എസ്.എസ്. ആനന്ദിന് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ പ്രസ്താവനക്കെതിരെയാണ് ആർ.എസ്.എസ് ശാസ്തമംഗലം മണ്ഡല് കാര്യവാഹ് അഖില്‍ മനോഹർ പരസ്യവിമർശനം നടത്തിയത്.
രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാമെന്ന് സുരേഷ് കാണിച്ചുതന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അഖിൽ പറയുന്നു. ‘വെള്ളായണിയിൽ താമസിക്കുന്ന താങ്കൾക്ക് തൃക്കണ്ണാപ്പുരത്തെ പ്രവർത്തകരെ അറിയില്ലെങ്കിൽ അത് ചേട്ടന്റെ ന്യൂനതയാണെന്നേ പറയാനുള്ളു. അതും എ.ബി.വി.പി കുടുംബം എന്ന് വിശേഷിപ്പിക്കാവുന്ന ചേട്ടന്റെ കുടുംബം. ചേട്ടന് എം.ജി കോളജിലെ ജി.എം മഹേഷിനെയും തീരുർ രവീന്ദ്രനെയും അറിയാമെങ്കിൽ ആനന്ദിനെയും അറിയും.
അതുമറിയില്ലെങ്കിൽ സുരേഷേട്ടൻ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ആയിരുന്നപ്പോഴുള്ള ഡയറി കൈയിലുണ്ടങ്കിൽ ഒന്ന് മറിച്ചുനോക്കണം. അതിൽ തൃക്കണ്ണാപുരം വാർഡിന്റെ ചുമതലക്കാരുടെ ലിസ്റ്റ് ഉണ്ടാകും. ചിലപ്പോൾ അതിൽ കാണും ആനന്ദിന്റെ പേര്.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ടെക്നിക്കാലിറ്റി വെച്ച് ഉത്തരംകൊടുത്തപ്പോള്‍ മുറിവേറ്റത് മെമ്പര്‍ഷിപ് ഇല്ലാത്ത, ഇപ്പോഴും ഈ ദേശീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന, വോട്ട് ചെയ്യാന്‍ നില്ക്കുന്ന മറ്റൊരു ഓപ്ഷൻ ഇല്ലാത്ത നൂറുകണക്കിന് അനുഭാവികളുടെ, പ്രവര്‍ത്തകരുടെ, ദേശീയവാദികളുടെ നെഞ്ചിലാണ്. എന്നാലും ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റ വാക്കില്‍ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ ആനന്ദ് ആരുമായിരുന്നില്ലെന്ന് - അഖിൽ ഫെയ്സ് ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഒ.ബി.സി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ബിന്ദു വലിയശാലയും ഫേബ്സുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നും നാലും വർഷം പ്രവർത്തിക്കാതെ മാറിനിന്നവർക്ക് സീറ്റ് കൊടുക്കാം. ഒരേ വാർഡിൽ ഒന്നും രണ്ടും തവണ നിന്ന് തോറ്റവർക്ക് അതേ വാർഡിൽ വീണ്ടും കൊടുക്കാം. ഇഷ്ടക്കാരെ വാർഡ് പ്രവർത്തകരുടെ അനുവാദം ഇല്ലാതെ മത്സരിപ്പിക്കാം. ജാതിയും മതവും വർണവും ആരോഗ്യവും സമയവും സമ്പത്തും നോക്കാതെ പ്രവർത്തിച്ചവർക്ക് എന്താണ് എന്നായിരുന്നു ബിന്ദുവിന്റെ പോസ്റ്റ്. ബിന്ദു ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

