വാങ്ങിയത് പ്രീമിയം നിരക്ക്, സർവിസ് നടത്തിയത് സാധാരണ സൂപ്പർഫാസ്റ്റ്; പരാതിയുമായി യാത്രക്കാർ
text_fieldsതിരുവനന്തപുരം: റിസർവേഷൻ സൈറ്റിൽ പ്രീമിയം സൂപ്പർഫാസ്റ്റിന് ബുക്കിങ് നടത്തിയ ശേഷം സാധാരണ സൂപ്പർ ഫാസ്റ്റ് ബസ് സർവിസ് നടത്തി കെ.എസ്.ആർ.ടി.സി. ഇക്കഴിഞ്ഞ 23ന് രാത്രി തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സർവിസിലാണ് ഈ അപ്രഖ്യാപിത ബസ് മാറ്റം. യാത്രക്കാർ ഹെൽപ് ലൈനിൽ പരാതി അറിയിച്ചപ്പോൾ, പരാതി മെയിൽ ചെയ്യാനായിരുന്നു നിർദേശം. സൂപ്പർ ഫാസ്റ്റിനേക്കാൾ അഞ്ച് ശതമാനം നിരക്ക് കൂടുതലാണ് പ്രീമിയത്തിൽ. ഇത്തരത്തിൽ അധിക നിരക്ക് വാങ്ങിയ ശേഷമാണ് ഈ ചതി.
സാധാരണ സൂപ്പർഫാസ്റ്റുകളിൽനിന്ന് വ്യത്യസ്തമായി സ്റ്റോപ്പുകൾ, റണ്ണിങ് ടൈം എന്നിവ കുറവും, ഒപ്പം മികച്ച സൗകര്യങ്ങളുമാണ് കെ.എസ്.ആർ.ടി.സി വാഗ്ദാനം. യാത്രക്കാര്‍ക്കായി ടി.വി, മ്യൂസിക് സിസ്റ്റം, വൈഫൈ, മൊബൈല്‍ ചാര്‍ജിങ് പോയന്റുകള്‍ എന്നിങ്ങനെ സാങ്കേതിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം കണ്ടാണ് പലരും സൂപ്പർഫാസ്റ്റുകൾ ഒഴിവാക്കി പ്രീമിയം ബസുകൾ ബുക്ക് ചെയ്യുന്നത്. ഇവർക്കാണ് ദുരനുഭവം. സമാന സ്വഭാവത്തിൽ നിരവധി പരാതികളുയർന്നിട്ടും നടപടിക്ക് അധികൃതർ ക്‍യാറാകുന്നില്ലെന്ന വിമർശനവുമുണ്ട്. ആഘോഷപൂർവം നിരത്തിലിറക്കിയ പ്രീമിയം സൂപ്പർഫാസ്റ്റുകൾതന്നെ പരാജയമാണെന്ന വിലയിരുത്തലുകൾക്ക് പിന്നാലെയാണ് പരാതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

