പൊങ്കാലക്കലങ്ങളും ചുടുകല്ലും അരിവട്ടിയുമൊക്കെ എത്തിത്തുടങ്ങി
text_fieldsവൈദ്യുത ദീപാലാംകൃതമായ ആറ്റുകാൽ ക്ഷേത്രവും പരിസരവും
തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന ആഘോഷമായ ആറ്റുകാൽ പൊങ്കാലക്ക് ബുധനാഴ്ച തുടക്കമാകുമ്പോൾ ഒരാഴ്ച മുമ്പു തന്നെ പൊങ്കാലക്കലം വിപണി ഉഷാറായി. നഗരത്തിൽ പാളയം മുതൽ മണക്കാട് വരെയും റോഡിന് ഇരുവശങ്ങളിലായി പലയിടത്തും ചുടുകല്ലും കലവും തവിയും അരിവട്ടിയുമൊക്കെ വിൽപ്പനക്കായി എത്തിക്കഴിഞ്ഞു. ചൂട് കാരണം പലരും വൈകിട്ട് മൂന്നിന് ശേഷമാണ് വിൽപന തുടങ്ങുന്നത്. റോഡരികിൽ പലയിടത്തായി ഉയർന്നുവരുന്ന ചെറിയ വിപണികളിൽ മത്സരവും സജീവമാണ്.
ഉത്സവത്തിന് ബുധനാഴ്ച കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ക്ഷേത്രോൽസവത്തിന് തുടക്കമാകും. ഇതോടെ കച്ചവടം ഇനിയും ഉഷാറാകുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. നാഗർകോവിൽ, കാരയ്ക്കാമണ്ഡപം, കുഴിത്തുറ എന്നിവിടങ്ങളിൽ നിന്നാണ് പലരും കലങ്ങളും മറ്റും വിൽപ്പനക്കായി കൊണ്ടുവരുന്നത്. 80 രൂപ മുതൽ 100 രൂപ വരെയാണ് പൊങ്കാലക്കലത്തിന്റെ വില. ചെറിയ കലങ്ങൾ 40 രൂപ മുതലുണ്ട്.
അടുപ്പു കല്ലൊന്നിന് 10 മുതൽ 20 രൂപ വരെയാണ് വില. എന്നാൽ, ഒരടുപ്പിനുള്ള മൊത്തം കല്ലുകൾക്ക് 100 രൂപയാകും. തവികൾക്ക് വില തുടങ്ങുന്നത് 30 രൂപയിൽ നിന്നാണ്. അടുപ്പിൽ കത്തിക്കാനുള്ള കൊതുമ്പും ചൂട്ടും, വയണയില എന്നിവ അടുത്തയാഴ്ചയോടെ വിപണികളിൽ സജീവസാന്നിധ്യമാകും. കളിമൺപാത്ര നിർമാണ വികസന കോർപറേഷൻ കളിമൺ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നു. ബുധനാഴ്ച രാവിലെ 10.30 ന് സെക്രട്ടേറിയറ്റിൽ മന്ത്രി ഒ.ആർ കേളു ആദ്യവിൽപന നടത്തും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വീകരിക്കും.
തമ്പാനൂർ, ഓവർബ്രിഡ്ജ്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, കിള്ളിപ്പാലം, മണക്കാട്, ഈഞ്ചക്കൽ, തകരപ്പറമ്പ്, ആറ്റുകാൽ തുടങ്ങി 13 ഓളം പ്രദേശങ്ങളിൽ കോർപറേഷന്റെ സ്റ്റാളുകൾ പ്രവർത്തിക്കും. കഴിഞ്ഞ വർഷം രണ്ടു ദിവസത്തെ സ്റ്റാൾ കൊണ്ട് ഏകദേശം രണ്ടരലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. ഇക്കുറി അതിലധികം വിൽപന പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.