പെൺകുട്ടികൾക്ക് പീഡനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണാപുരം സ്വദേശി സഞ്ജിത് (22), ഇലിപ്പോട് സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളും പ്രതികളും സുഹൃത്തുക്കളായിരുന്നു. പ്രതികളുടെ നിർബന്ധപ്രകാരം സ്കൂളിൽ കയറാതെ പെൺകുട്ടികൾ തിരുമലയിലെത്തി.
17കാരന് അപകടം സംഭവിച്ചെന്ന് കളവ് പറഞ്ഞ് അവിടെ നിന്ന് പെൺകുട്ടികളെ സഞ്ജിത് തന്ത്രപൂർവം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു. ഈ സമയം വീട്ടിൽ 17കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ച് പെൺകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. 17കാരന്റെ മാതാവ് വീട്ടിലെത്തുമ്പോൾ പെൺകുട്ടികളെ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തും മുമ്പ് പെൺകുട്ടികളുമായി പ്രതികൾ ബംഗളൂരുവിലേക്ക് കടന്നു.
അവിടെ താമസസ്ഥലം ശരിയാക്കി ഒളിവിൽ കഴിഞ്ഞ പ്രതികളെ പേട്ടയിൽ നിന്നുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പേട്ട എസ്.എച്ച്.ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 17കാരന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാൾ എം.ഡി.എം.എ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.