വർക്കലയിൽ ജനകീയ വിഭവ ഭൂപട പദ്ധതി ഒരുങ്ങുന്നു
text_fieldsവിഭവ ഭൂപട നിർമാണത്തിന്റെ വർക്കല മുൻസിപ്പൽതല പ്രാഥമിക യോഗം നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്യുന്നു
വർക്കല: ‘വിരൽത്തുമ്പിൽ വർക്കല’ പദ്ധതി നടപ്പിലാക്കുവാൻ വർക്കല നഗരസഭ തയാറെടുക്കുന്നു. ജനകീയ വിഭവ ഭൂപട നിർമാണമാണ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്. പി.ആർ.എം 2.0 (പഞ്ചായത്ത് റിസോഴ്സ് മാപ്പിങ് 2.0) എന്ന് നാമകരണം ചെയ്ത പദ്ധതി വർക്കല നിയോജക മണ്ഡലത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത്.
വി. ജോയി എം.എൽ.എയുടെ പ്രത്യേക താൽപര്യത്തിലാണ് വർക്കലയിൽ തന്നെ ആദ്യമായി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. വിഭവ ഭൂപട നിർമാണത്തിന്റെ വർക്കല മുൻസിപ്പൽതല പ്രാഥമിക യോഗം നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അധ്യക്ഷത വഹിച്ചു.
ഭൂവിനിയോഗ വകുപ്പ് (സോയിൽ സർവേ) ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്. സജീവ് പദ്ധതി വിശദീകരിച്ചു. സോയിൽ സയൻസ് സ്പെഷ്യലിസ്റ്റ് ഡോ. അരുൺജിത്ത് വിഷയാവതരണം നടത്തി.
വർക്കല നിയോജകമണ്ഡലത്തിലെ വർക്കല നഗരസഭയിലും വെട്ടൂർ, ഇടവ, ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, മടവൂർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ പഞ്ചായത്തുതല റിസോഴ്സ് മാപ്പിങ് നടക്കുന്നത്. പഞ്ചായത്തുകളുടെയും നഗരസഭയുടെയും അടിസ്ഥാന ആസ്തികൾ, ഭൂവിനിയോഗം, ജലസ്രോതസ്സ് എന്നിവ സർവേനമ്പർ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യും.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മാപ്പിങ് നടപ്പാക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭ്യമായ വിവരങ്ങൾ സ്വാംശീകരിച്ച് ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, വിവരശേഖരണ ഉപാധികളായ ഉപഗ്രഹ ചിത്രങ്ങൾ, ഗൂഗിൾ മാപ്പ്, ടോപ്പോ ഷീറ്റ് എന്നിവയുടെ സഹായത്തോടെയാണ് മാപ്പിങ് നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.