വയോധികയെ കബളിപ്പിച്ച് സ്വര്‍ണമാല തട്ടിയെടുത്ത പ്രതി അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട് ഫോട്ടോ. വയോധികയില്‍ നിന്നും മാല തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതി യൂസുഫും ഇയാളെ പിടികൂടിയ പൊലീസ് സംഘവും
വെഞ്ഞാറമൂട്: വയോധികയെ കബളിപ്പിച്ച് ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ഒരുമനയൂര്‍ തങ്ങള്‍പടി പട്ടത്ത് വീട്ടില്‍ തൊപ്പി എന്ന് വിളിക്കുന്ന യൂസഫാണ്(45) അറസ്റ്റിലായത്. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനില്‍ ലീലാമ്മയാണ്(70) തട്ടിപ്പിനിരയായത്.
ഇക്കഴിഞ്ഞ ജൂലൈ 30ന് വാർധക്യ പെന്ഷന് വാങ്ങാന്‍ വെഞ്ഞാറമൂട് ജങ്ഷനിലേക്ക് നടന്നുവരികയായിരുന്ന ലീലാമ്മയെ സമീപിച്ച് പരിചയക്കാരെ പോലെ സംസാരിക്കുകയും ഇതിനിടയില്‍ മകളുടെ പേരും ജോലി സ്ഥലവും മനസിലാക്കി അവരെ ഫോണില്‍ വിളിക്കുന്നതായി ഭാവിക്കുകയും ചെയ്തു. തുടർന്ന്, ഫോണ്‍ സംഭാഷണ അഭിനയം അവസാനിപ്പിച്ച് വയോധികയോടായി ലോണ്‍ ഉണ്ട് അല്ലെ എന്ന് ചോദിച്ചു.
ഇതോടെ വയോധിക ബാങ്ക് ലോണ്‍ സംബന്ധമായ വിവരങ്ങള്‍ പ്രതിയോട് പറഞ്ഞു. തുടര്‍ന്ന് 25,000 രൂപ മുന്‍കൂട്ടി അടച്ചാല്‍ വൃദ്ധരായവര്‍ക്ക് പ്രധാനമന്ത്രിയുടെ മുദ്ര യോജന സ്കീമില്‍ അഞ്ച് രൂപ ലക്ഷം ലഭിക്കുന്ന പദ്ധതി ഉണ്ടെന്നും അപേക്ഷ നൽകേണ്ടുന്ന അവസാന തീയതി ഇന്നാണന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റി പിരപ്പന്‍കോടുള്ള ബാങ്കിന് മുന്നില്‍ എത്തിക്കുകയും ബാങ്കില്‍ അടയ്ക്കാന്‍ ഇരുപത്തയ്യായിരം രൂപ നല്കുന്നതിലേക്ക് കഴുത്തില്‍ കിടന്ന ഒന്നര പവന് തൂക്കമുള്ള സ്വര്‍ണമാല ഊരി വാങ്ങുകയും ചെയ്തു.
2025 ജനുവരി ഒമ്പതിന് മറ്റൊരു തിരക്കഥ സൃഷ്ടിച്ച് ഓമന അമ്മ എന്ന വൃദ്ധയുടെ രണ്ടര പവന് കവര്‍ന്നതിന് പ്രതിക്കെതിരെ വെഞ്ഞാറമൂട് പൊലീസിലും ജൂലൈയില്‍ കിളിമാനൂരിലെ ഒരു വയോധികയില്‍നിന്നും ഒന്നരപവന്‍ മാല കവര്‍ന്നതിനും കേസുകളുണ്ട്. 2024 ആഗസ്റ്റിലും ഡിസംബറിലും സമാന രീതിയില്‍ മാല കവര്‍ന്നതിന് ഇയാള്‍ക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വെഞ്ഞാറമൂട്ടില്‍ നടന്ന കേസില്‍ അറസ്റ്റിലാകുന്നത്. തന്റെ ഇരുപതാമത് വയസ് മുതല്‍ മോഷണം തൊഴിലാക്കിയ പ്രതി് സ്ഥിരമായി ഗോള്‍ഫ് ക്യാപ്പ് ധരിക്കുന്ന ആളായതിനാൽ തൊപ്പി യൂസഫ് എന്ന അപരനാമത്തിലും അറിയപ്പെടുന്നുണ്ട്.
സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ മാറി മാറി താമസിച്ച് കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഒടുവില്‍ ജയില്‍ മോചിതനായത് 2022 നവംബര്‍ 11 ന് കോഴിക്കോട് ജില്ല ജയിലില്‍ നിന്നാണ്. വെഞ്ഞാറമൂട്ടിലെ മോഷണത്തിന്ശേഷം പഴവങ്ങാടി കോട്ടയ്ക്കകത്ത് ഒര ലോഡ്ജില്‍ താമസിച്ച് വരികയായിരുന്നു. സ്വർണം വിറ്റുകിട്ടിയ ഒരുലക്ഷം രൂപ മദ്യപാനത്തിനും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചു. വൃദ്ധയുടെ മാല പൊട്ടിച്ച് നടന്നുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പ്രതി ഇത് കാണാനിടയാവുകയും ഇനിയും ജില്ലയില്‍ തങ്ങിയാല്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കി തൃശൂരിലേക്ക് കടക്കവേ വൈറ്റില ഹബില്‍ വെച്ചാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
റൂറല്‍ എസ്.പി. സുദര്ശനന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടുന്നതിന് സഹായകമായത്. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂര്‍, നോര്‍ത്ത് പരവൂര്‍, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർചെയ്ത കേസുകളില്‍ ഉള്‍പ്പെട്ട പ്രതി കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണന്നും പൊലീസ് പറഞ്ഞു.വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍കലാം എസ്.ഐ.മാരായ സജിത്ത്, ഷാന്‍, ഷാജി, സി.പി.ഒ. മാരായ സിയാസ്, ഷാനവാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.