യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; ഒളിവിലായിരുന്ന പ്രതികള്‍ ബംഗളൂരുവിൽ അറസ്റ്റില്‍
text_fieldsമനു, ധനുഷ്,രോഹിത്, റഫീക്ക്, നിതിന്‍
വിഴിഞ്ഞം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം ഒളിവില്‍ കഴിഞ്ഞുവന്ന അഞ്ച് പ്രതികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. മനു എന്ന ലഗാന്‍ മനു (31), കരിമഠം സ്വദേശി ധനുഷ് (20), അമ്പലത്തറ സ്വദേശി ചന്തു എന്ന രോഹിത് (29), പൂന്തുറ പരുത്തിക്കുഴി സ്വദേശി റഫീക്ക് (29), മലയിന്‍കീഴ് പൊട്ടന്‍കാവ് സ്വദേശി ഉണ്ണി എന്ന നിതിന്‍ (25) എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്.
തിരുവല്ലം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ആഷിക്കിനെ വണ്ടിത്തടം ഭാഗത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിലും എത്തിച്ച് മര്‍ദ്ദിക്കുകയും ഊരൂട്ടമ്പലത്തിനടുത്തുള്ള ഒഴിഞ്ഞവീട്ടില്‍ കൊണ്ടുപോയി ശരീരത്തില്‍ മുറിവുകളുണ്ടാക്കിയശേഷം അതില്‍ മുളകുപൊടി പുരട്ടിയും കണ്ണിലും തലയിലും പശ ഒഴിച്ചശേഷം പുലര്‍ച്ചയോടെ ഹൈവേയില്‍ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് കേസ്.
പാലക്കാട്, സേലം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ബംഗളൂരു ബെന്നാര്‍ഗട്ട പൊലീസ് സ്റ്റേഷന് പരിധിയിലെ ഉള്പ്രദേശത്തുനിന്നാണ് പ്രതികളെ സാഹസികമായി പിന്തുടര്ന്ന് പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍, ഡി.സി.പി (ക്രമസമാധാനം) എന്നിവരുടെ നിർദേശപ്രകാരം ഫോര്‍ട്ട് അസി. കമീഷണറുടെ നേതൃത്വത്തില്‍ തിരുവല്ലം എസ്.ഐ തോമസ്, എസ്.സി.പി.ഒ ബിജു എ.കെ, ഗ്രേഡ് എസ്.സി.പി.ഒമാരായ ഷിജു എസ്.എസ്, വിനയകുമാര്‍ വി.യു, ബിജേഷ്, സി.പി.ഒ ഷിജു കെ.കെ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതി മനു തിരുവല്ലം സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയും ഗുണ്ട നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയയാളുമാണ്. വട്ടിയൂര്‍ക്കാവ്, കോവളം, നേമം എന്നിവിടങ്ങളിലെ നിരവധി കേസുകളിൽ പ്രതിയാണ്. ധനുഷിനെതിരെ കൊലപാതക കേസുള്‍പ്പെടെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.