തലസ്ഥാനത്തെ സമരത്തിനും ഭരണത്തിനുമൊപ്പം തടവറയിലും…
text_fieldsതിരുവനന്തപുരം: സമരങ്ങൾക്കും ഭരണത്തിനും നേതൃത്വം നൽകിയ തിരുവനന്തപുരത്ത് ദീർഘകാലം തടവറയിൽ കഴിഞ്ഞ ഇന്നലെകളുമുണ്ട് വി.എസിന്. പുന്നപ്ര-വയലാർ പ്രക്ഷോഭത്തോടനുബന്ധിച്ച് നിരവധി കേസുകളാണ് ചാർജ് ചെയ്യപ്പെട്ടത്. ഗൂഢാലോചന, അക്രമങ്ങൾക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേതാക്കന്മാരെ വേട്ടയാടിയത്.
സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ടുകേസിൽ വി.എസിനെ പ്രതിയാക്കി. പുന്നപ്ര വയലാർ കേസ്- പി.ഇ 7/22, ആലപ്പുഴ കലാപക്കേസ്- പി.ഇ 11/22 എന്നിവയായിരുന്നു കേസുകൾ. ഇതിന് പുറമേ രണ്ടുകേസുകളിൽ കൂടി കുറ്റവിചാരണ നടത്തി. വിചാരണ വേളയിലാണ് വി.എസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. രേഖകളിലെ ജയിൽപുള്ളി നമ്പർ -8957 ആയിരുന്നു.
അടിയന്തരവാസ്ഥക്കാലത്ത് പൊലീസ് വീടുവളഞ്ഞാണ് വി.എസിനെ അറസ്റ്റ് ചെയ്തത്. പൂജപ്പുര സെൻട്രയിൽ ജയിലിൽ വി.എസിനെ തടവിലാക്കുകയായിരുന്നു. രാഷ്ട്രീയത്തടങ്കലിൽ ആയതിനാൽ ‘എ’ക്ലാസ് പരിഗണന കിട്ടിയിരുന്നു. എന്നാൽ തടവ് 20 മാസം അനുഭവിക്കേണ്ടി വന്നു.
തടവറയിലെ രാപ്പകലുകളും സമരങ്ങളുടെ പകലുകളും കടന്ന് പാർട്ടിയുടെ നേതൃതലത്തിലേക്ക് എത്തിയതോടെ തലസ്ഥാനം വി.എസിന്റെ പ്രധാന കർമമണ്ഡലമായി. നിയമസഭാംഗം, പാർട്ടി സംസ്ഥാന സെക്രട്ടറി, ദീർഘകാലം പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി, ഒടുവിൽ ഭരണപരിഷ്കാര കമ്മിറ്റി അധ്യക്ഷൻ എന്നിങ്ങനെ വിവിധ പദവികളില തലസ്ഥാനം കേന്ദ്രമാക്കി വി.എസ് പ്രവർത്തിച്ചു. എൽ.ഡി.എഫ് കൺവീനർ, ദേശാഭിമാനി ചീഫ് എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിക്കുമ്പോഴും വി.എസിനെ പ്രവർത്തന മണ്ഡലം തിരുവനന്തപുരമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.