ജല അതോറിറ്റി വിജിലൻസിൽ തസ്തിക വെട്ടിച്ചുരുക്കുന്നു
text_fieldsതിരുവനന്തപുരം: ജൽജീവൻ മിഷനടക്കം കോടികളുടെ പദ്ധതികൾ നടപ്പാക്കുന്നതിനിടെ ജല അതോറിറ്റിയിലെ വിജിലൻസ് വിഭാഗത്തെ ദുർബലമാക്കി പ്രധാന തസ്തികകൾ വെട്ടിച്ചുരുക്കാൻ നീക്കം. അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ എണ്ണം കുറക്കാനുള്ള ചരടുവലികളാണ് നടക്കുന്നത്. വിജിലൻസിൽ ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറും ഒരു എക്സിക്യൂട്ടീവ് എൻജിനീയറും മൂന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയറും മിനിസ്റ്റീരിയൽ വിഭാഗത്തിലുള്ള ഏതാനും ഉദ്യോഗസ്ഥരുമാണുള്ളത്.
പുതിയ പദ്ധതികൾ ജല അതോറിറ്റി ഏറ്റെടുക്കുന്നെന്ന പേരിലാണ് ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ തസ്തിക മാറ്റാനുള്ള അടിയന്തര ശ്രമം. വിജിലൻസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ പുതിയ സർക്കിൾ രൂപവത്കരിച്ച് മാറ്റാനും ആലോചനയുണ്ടത്രെ. നേരത്തേ സീനിയർ സൂപ്രണ്ടിന്റെ തസ്തിക വിജിലൻസ് വിഭാഗത്തിൽനിന്ന് ഒഴിവാക്കി കായംകുളത്തേക്ക് മാറ്റിയിരുന്നു.
വിജിലൻസിന്റെ ചിറകരിയുന്ന വിഷയത്തിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് കഴിഞ്ഞ ദിവസം മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയെങ്കിലും തുടർനടപടികളുമായി മാനേജ്മെന്റ് മുന്നോട്ടുപോകുന്നതായാണ് സൂചന.
വിജിലൻസ് കമ്മിറ്റിയുടെ അന്തിമ തീരുമാനം കാത്ത് 600ൽപരം ഫയലുകൾ ശേഷിക്കുന്നെന്നാണ് കണക്ക്. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടേതടക്കം അഴിമതി അന്വേഷണങ്ങളിൽ സംയുക്തമായി സ്ഥലപരിശോധനയും റിപ്പോർട്ട് തയാറാക്കലും ഉൾപ്പെടെ ജോലികൾ ചെയ്തുവരുന്നത് ജല അതോറിറ്റിയിലെ വിജിലൻസ് വിഭാഗമാണ്. കെ.എസ്.ഇ.ബി ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളും വിജിലൻസ് വിഭാഗം എൻജിനീയർമാരടക്കമുള്ളവരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തുമ്പോഴാണ് ഇവിടെ തളർത്താനുള്ള ശ്രമം.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നാൽപതിനായിരം കോടിയുടെ പദ്ധതികൾ നടന്നുവരികയാണ്. ഇവയുടേതടക്കം സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ വിജിലൻസ് പരിശോധന സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ ഘട്ടത്തിൽ വിജിലൻസിനെ തളർത്തുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.