തൊഴിലുറപ്പ് പദ്ധതി അഴിമതി; ഓഡിറ്റിങ് ഇല്ലാത്തത് തട്ടിപ്പിന് കളമൊരുക്കി
text_fieldsമാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ ഓഡിറ്റിങ് കാര്യക്ഷമമല്ലാത്തത് തട്ടിപ്പ് നടത്താൻ ജീവനക്കാർക്ക് സഹായകരമായി. പേരിന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധന നടത്താറുണ്ട്. വിശദ പരിശോധനകൾക്ക് ഇവർ തയാറാകാറില്ല. സോഷ്യൽ ഓഡിറ്റിങ് നടക്കുന്നുണ്ടെങ്കിലും അവയും കാര്യക്ഷമമല്ല. ഇത് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്താൻ മുതിർന്നതെന്നാണ് വിവരം.
മാനന്തവാടി ബി.പി.ഒ തൊണ്ടർനാട് പഞ്ചായത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഇല്ലാത്ത പ്രവൃത്തികളുടെ പേരിൽ ഒന്നര കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും ഫണ്ട് തടഞ്ഞുവെക്കുകയും ചെയ്തത്. അതാത് വർഷങ്ങളിലെ ഫണ്ട് ചെലവഴിക്കുന്നത് കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരുടെ കറവ പശുവായി മാറുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ ക്ലർക്കിനെ അറസ്റ്റ് ചെയ്യുകയും നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എൻജിനീയർ വിദേശത്തേക്ക് കടന്നതായാണ് സൂചന. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നടന്ന വൻ അഴിമതിയിൽ യു.ഡി.എഫും ബി.ജെ.പിയും ഉൾപ്പടെ സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്.
യു.ഡി.എഫ് പരാതി നൽകി
തൊണ്ടർനാട്: തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ് സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് യു.ഡി.എഫ് പരാതി നൽകി. സംസ്ഥാന എൻ.ആർ.ഇ.ജി ഡയറക്ടർ, സ്റ്റേറ്റ് വിജിലൻസ്, മേഖല വിജിലൻസ്, കലക്ടർ, ഓംബുഡ്സ്മാൻ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ മന്ത്രി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, അസി. സെക്രട്ടറി, തട്ടിപ്പിൽ പങ്കാളികളായ കരാറുകാർ എന്നിവരെ പ്രതി ചേർത്ത് അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
രണ്ടു സാമ്പത്തിക വർഷത്തെ കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ 2.60 കോടിയിൽ അധികം രൂപയുടെ വെട്ടിപ്പാണ് കണ്ടത്തിയത്. മുൻ വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പ് പുറത്തുവരും. എന്നാൽ 15 ലക്ഷത്തിന്റെ കണക്ക് സംബന്ധിച്ച് മാത്രം കേസ് നൽകി അഴിമതി അട്ടിമറിക്കാനുള്ള സി.പി.എം നീക്കം ചെറുക്കുമെന്നും യു.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണം അട്ടിമറിക്കുന്ന സി.പി.എം നീക്കത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് നാലിന് കോറോം അങ്ങാടിയിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു, യു,ഡി.എഫ് ചെയർമാൻ പ്രമോദ്, കൺവീനർ കേളോത്ത് അബ്ദുല്ല, അലികുട്ടി ആറങ്ങാടൻ എന്നിവർ അറിയിച്ചു.
ബി.ജെ.പി മാർച്ച് നടത്തി
മാനന്തവാടി: തൊഴിലുറപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ തൊണ്ടർനാട് പഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ കസേര പ്രതീകാത്മകമായി സൃഷ്ടിച്ച് വാഴ വെക്കുകയും ചെയ്തു. ജയരാജൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം അധ്യക്ഷൻ ജിതിൻ ഭാനു, സജി ശങ്കർ, ഗണേശൻ കെ.വി, ബിന്ദു മണപ്പാട്ടിൽ, പുനത്തിൽ രാജൻ, ശിവദാസൻ, ശശി കരിമ്പിൽ, പ്രജീഷ് കെ.എം, ഭാസ്കരൻ ഇണ്ടിയേരി എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ കോടികളുടെ ഫണ്ട് തട്ടിപ്പ് കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ല പൊലിസ് മേധാവി തപോഷ് ബസുമതാരിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. തൊണ്ടർനാട് പൊലീസിന്റെ കേസ് ഡയറി കിട്ടുന്ന മുറക്ക് അന്വേഷണം ആരംഭിക്കുമെന്ന് ഡി.വൈ.എസ്.പി.കെ.ജി. പ്രവീൺ കുമാർ പറഞ്ഞു. അതേസമയം ഡൽഹിയിലുള്ള കലക്ടർ സ്ഥലത്തെത്തിയാൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കാനാണ് തൊഴിലുറപ്പ് ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റർ പി.സി. മജീദിന്റെ നേതൃത്വത്തിലുള്ള ടീം ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.