ഉരുൾവേദനക്കിടയിലും സർക്കാർ ആഘോഷം; വയനാട്ടിൽ ചെലവിടുന്നത് രണ്ടു കോടിയോളം
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിന്റെ വേദന ഇപ്പോഴും ഉള്ളിലൊതുക്കുന്ന വയനാട്ടിൽ കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാറിന്റെ വാർഷിക പരിപാടികൾ നടത്തുന്നതിനെതിരെ വിമർശനം. സർക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂറ്റൻ പന്തലിൽ ചൊവ്വാഴ്ച മുതൽ ഏഴുനാൾ 'എന്റെ കേരളം' എന്ന പേരിൽ പ്രദർശന വിപണന മേള നടക്കും. സംസ്ഥാനതലത്തിലെ കണക്കുകൾ പ്രകാരം ആഘോഷ പരിപാടികൾക്കായി വയനാട്ടിൽ മാത്രം ഏകദേശം രണ്ടു കോടിയോളം രൂപയാണ് ചെലവിടുന്നത്.
പ്രദര്‍ശന വിപണന മേളക്ക് മാത്രമായി ചെലവിടാന്‍ പോകുന്നത് 37 ലക്ഷത്തോളം രൂപയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ആറുമാസം പിന്നിട്ടപ്പോഴും പുനരധിവാസ പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ വ്യാപക പരാതി ഉയർന്നപ്പോഴാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗണ്‍ഷിപ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. ഇവിടുത്തെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത പ്രശ്നം പൂർണ പരിഹാരമില്ലാതെ തുടരുകയാണ്.
കണക്കുകള്‍ പ്രകാരം 26 കോടിയോളം രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നല്‍കിയിട്ടുള്ളത്. ഇതില്‍ വയനാട് ജില്ലക്ക് മാത്രമായി ശരാശരി കണക്കെടുത്താല്‍ 1.85 കോടി രൂപയോളം വരും. എന്റെ കേരളം വിപണന മേളയുടെ ഏകോപനം, പി.ആര്.ഡി തീം ഏരിയ, ജില്ലതല യോഗങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍, പുസ്തകമേള, മറ്റു ചെലവുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകള്‍, മറ്റു അടിയന്തരചെലവുകള് എന്നിവക്കായി സംസ്ഥാനതലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 37 ലക്ഷത്തോളം രൂപയാണ് വയനാടിന് മാത്രമായി ലഭിക്കുക.
ഇതില്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം ഏരിയ ഇനത്തില്‍ 14 ലക്ഷം രൂപയും ജില്ലതല യോഗങ്ങള്‍ക്കായി മൂന്നുലക്ഷവും, കലാ-സാംസ്കാരിക പരിപാടിക്ക് ഒരു ജില്ലക്ക് 15 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. ചെലവുകള്‍, പുസ്തകമേള, വാഹനവാടക, ഭക്ഷണം, താമസം തുടങ്ങിയവക്ക് മൂന്നുലക്ഷം രൂപയും ഉദ്ഘാടന, സമാപന ചടങ്ങുകള്‍, മേളയുടെ ഏകോപനവുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾക്കുമായി ജില്ലയില്‍ 2.15 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
ഇതിനു പുറമെ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനോപകാരപ്രദമായ പദ്ധതികള്‍, വിവിധ മേഖലകളില്‍ സംസ്ഥാനം നേടിയ അംഗീകാരങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവക്കായി 20.71 കോടി രൂപയാണ് സംസ്ഥാനതലത്തില്‍ ഭരണാനുമതി നല്‍കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.