നിയന്ത്രണങ്ങളും തീരുമാനങ്ങളും കടലാസിൽ; ചുരം ദുരന്തഭൂമിയാക്കുന്നത് അമിതഭാര വാഹനങ്ങൾ
text_fieldsകൽപറ്റ: വയനാട്-താമരശ്ശേരി ചുരത്തെ ദുരന്തഭൂമിയാക്കുന്നത് അമിതഭാര വാഹനങ്ങളും കടലാസിൽ മാത്രമൊതുങ്ങുന്ന നിയന്ത്രണങ്ങളും. വയനാട് ചുരത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുന്ന അമിതഭാരം കയറ്റിയുള്ള നൂറുകണക്കിന് വാഹനങ്ങളുടെ ദിനേനയുള്ള അനിയന്ത്രിതമായ ഒഴുക്ക് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വർഷങ്ങളായി ആരോപണം ഉയർന്നിട്ടും ബന്ധപ്പെട്ടവർ കണ്ണടക്കുകയാണ്.
കഴിഞ്ഞ ദിവസം ചുരം ഒമ്പതാം വളവിനു സമീപം കൂറ്റൻ മണ്ണിടിച്ചിലുണ്ടായത് ശക്തമായ മഴപോലുമില്ലാത്ത സമയത്തായിരുന്നു. ചുരത്തിനുണ്ടാകുന്ന അമിത സമ്മർദവും പ്രകമ്പനവുമാണോ മണ്ണിടിച്ചിലിനുള്ള കാരണമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും കൂറ്റൻ പാറക്കല്ലുകളും മണ്ണും നീക്കാനാകാതായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
വീണ്ടും മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് രാത്രി പ്രവൃത്തികൾ നിർത്തിവെച്ചു. ഇതോടെ മൈസൂർ, ബംഗളൂരു, ഊട്ടി, വയനാട് തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചു വയനാടിന് പുറത്തേക്കും പോകേണ്ടവർ ദുരിതത്തിലായി. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ വർഷങ്ങളായി നിരവധി ഉത്തരവുകൾ ഇറക്കിയിരുന്നു.
അമിതഭാര വാഹനങ്ങളുടെ നിയന്ത്രണമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, ഓരോ സമയത്തും ഉത്തരവിറങ്ങി ദിവസങ്ങൾ കഴിയുമ്പോഴേക്കും പഴയപടിയാകും. മുകളിൽനിന്നുള്ള ഇടപെടുലുകൾ ജില്ല ഭരണകൂടത്തിന്റെ ഉത്തരവുകളെ കാറ്റിൽപറത്തും. ക്വാറി മാഫിയകൾ ഉൾപ്പെടെ നടത്തുന്ന ചരടുവലികൾ ടിപ്പറുകൾക്കും ടോറസുകൾക്കും ഒരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം ചുരം കയറാനും ഇറങ്ങാനും സൗകര്യമൊരുക്കും.
മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയും ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തിയും റോഡിന്റെ അപകട ഭീഷണി അവഗണിച്ചും ഇത്തരം വാഹനങ്ങൾ സ്വൈരവിഹാരം നടത്തുേമ്പാൾ ജീവൻ രക്ഷിക്കാൻ മലയിറങ്ങുന്ന ആംബുലൻസുകൾ പോലും വഴിയിൽ കുടുങ്ങേണ്ട അവസ്ഥയാകും.
വർഷങ്ങൾക്കു മുമ്പ് ചുരത്തിൽ വാഹനത്തിൽനിന്ന് പാറക്കല്ല് ഉരുണ്ടുവീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതിസ്ഥാനത്ത് അമിതഭാരം കയറ്റിയ ലോറികളും ടോറസുകളുമായിരുന്നു. അനുവദിച്ചതിന്റെ ഇരട്ടിയും അതിലധികവും ഭാരവുമായാണ് പലപ്പോഴും ലോറികളും ടോറസുകളും ചുരത്തിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷം ചുരം റോഡ് ഇടിഞ്ഞപ്പോൾ ചുരത്തിലൂടെ പോകുന്ന ചരക്കുവാഹനങ്ങൾക്ക് അനുവദിച്ച പരമാവധി ഭാരം 25 ടൺ ആ ക്കിയിരുന്നെങ്കിലും ആരും ഗൗനിച്ചില്ല.
ഓരോ തവണയും മണ്ണിടിച്ചിലും റോഡിടിച്ചിലുമുണ്ടാകുമ്പോൾ മാത്രം നിയന്ത്രണം കൊണ്ടുവരുന്ന അധികൃതർ നിയമങ്ങളും ഉത്തരവുകളും നടപ്പിലാകുന്നുണ്ടോ എന്ന് അന്വേഷിക്കാറുമില്ല. 35 ടൺ ക്വാറി ഉൽപന്നങ്ങൾ കയറ്റിപ്പോകേണ്ട ടോറസുകളിൽ 50 മുതൽ 70വരെ ടൺ ലോഡുമായാണ് ചുരം കയറുന്നത്. വൻതോതിൽ മാർബിളും പതിക്കുന്ന കല്ലുകളും കയറ്റിയ പതിനാലും പതിനെട്ടും ചക്രങ്ങളുള്ള ലോറികളും സന്ധ്യ കഴിഞ്ഞാൽ ചുരം റോഡ് കൈയടക്കും.
അമിത ഭാരവും വലുപ്പവുമുള്ള വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കനത്ത പ്രകമ്പനമാണ് ചുരത്തിൽ അനുഭവപ്പെടുന്നത്. ഈ പ്രകമ്പനം കാരണമാകാം കൂറ്റൻ പാറക്കല്ലുകൾ ചൊവ്വാഴ്ച അടർന്നുവീണതെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും മണ്ണിടിച്ചിലുണ്ടാകുന്നതും മരങ്ങൾ ചുരം റോഡിലേക്ക് കടപുഴകുന്നതും ഇതേ കാരണംകൊണ്ടു തന്നെയാണ്.
നാട്ടിലാകെ കോടികൾ മുടക്കി കാമറ പിടിപ്പിച്ച് സീറ്റ് ബെൽറ്റിടാത്തവരെയും സ്പീഡിൽ വാഹനങ്ങൾ ഓടിക്കുന്നവരെയും അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങളും കണ്ടെത്താൻ സദാ ജാഗരൂകരായിരിക്കുന്ന മോട്ടോർ വാഹന വകുപ്പും എല്ലാ നിയമങ്ങളും കാറ്റിൽപറത്തി ചുറം കയറുന്ന വാഹനങ്ങൾക്കുനേരെ കണ്ണടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.