ഒരു ചായ കുടിക്കാം കൈത്താങ്ങാവാം; കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘ടീ ഫോർ ചാരിറ്റി’ ശനിയാഴ്ച
text_fieldsകൽപറ്റ: ഒക്ടോബർ 31ന് കൽപറ്റ യെസ് ഭാരത് ടെക്സ്റ്റയിൽസിന് മുന്നിലുള്ള പന്തലിൽനിന്ന് ഒരു ചായയും കടിയും കഴിച്ചാൽ നിങ്ങൾ അശരണരെ സഹായിക്കുന്നതിനുള്ള വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകും. ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ- ജീകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായാണ് ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ രാത്രി 10 മണി ‘ടീ ഫോർ ചാരിറ്റി’ എന്ന പേരിൽ ചായപ്പയറ്റ് നടത്തുന്നത്. ചായയും കടിയും കഴിച്ച് ഓരോരുത്തർക്കും സാധ്യമാകുന്ന തുക സംഭാവനയായി നൽകാം. സ്വരൂപിക്കുന്ന തുക സൊസൈറ്റി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യെസ് ഭാരത് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ചായ, കാപ്പി, ജ്യൂസ്, വെള്ളം, കടികൾ എന്നിവ ലഭിക്കുന്ന കൗണ്ടറുകൾ ഉണ്ടാകും. പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്രയാസം കൂടാതെ പന്തലിലെത്തി ചായ കുടിക്കാനും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
14 വർഷമായി സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഓട്ടിസം ബാധിതരായ 86 പേർക്ക് മാസം തോറും 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയായ ‘സ്പർശ്’ പ്രധാനപ്പെട്ടതാണ്. ഈ പദ്ധതി വ്യാപിപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ് ചായപ്പയറ്റ് നടത്തുന്നത്. കൈനാട്ടി സർക്കാർ ജനറൽ ആശുപത്രിയിൽ 14 വർഷമായി സൊസൈറ്റി പ്രവർത്തകർ അതിരാവിലെ കഞ്ഞി വിതരണം നടത്തുന്നു. ഈദ്, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പ്രത്യേക ഭക്ഷണവും നൽകുന്നു.
കിഡ്നി, കാൻസർ, കിടപ്പ് രോഗികൾക്കും മറ്റു അർഹതപ്പെട്ടവർക്കും സൗജന്യമായി മരുന്ന് നൽകുന്നു. പാലിയേറ്റീവ് ഹോം കെയർ വളന്റിയർ സേവനം, പ്രയാസങ്ങൾ നേരിടുന്നവർക്കുള്ള സാമ്പത്തിക സഹായം, രോഗികൾക്കും ശാരീരിക പ്രയാസമനുഭവിക്കുന്നവർക്കും ആരോഗ്യ ഉപകരണങ്ങളുടെ വിതരണം എന്നിവയും നടത്തുന്നു.
അർഹരായ പെൺകുട്ടികളുടെ വിവാഹത്തിനായി സ്വർണാഭരണം, ഭക്ഷണം എന്നിവ നൽകുന്ന ‘മാംഗല്യം’ പദ്ധതിയുമുണ്ട്. രോഗികൾക്കും മറ്റു അർഹതപ്പെട്ടവർക്കും മാസംതോറും ഭക്ഷ്യകിറ്റുകൾ നൽകൽ, ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച വളന്റിയർമാരുടെ സേവനവും സൊസൈറ്റി ലഭ്യമാക്കുന്നുണ്ട്. സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. പി ചാത്തുക്കുട്ടി, ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, സൊസൈറ്റി സെക്രട്ടറി കെ.പി. ബഷീർ, പി.പി മുഹമ്മദ്, വി.വി. സലീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

