ഭരണാനുകൂല സർവിസ് സംഘടനകളുടെ അമിത ഇടപെടൽ; റവന്യൂ വകുപ്പിൽ ഭരണ പ്രതിസന്ധി രൂക്ഷം
text_fieldsകൽപറ്റ: വില്ലേജ് ഓഫിസർമാരെ സ്ഥലം മാറ്റിയ ഉത്തരവും സർവിസ് സംഘടനകളുടെ സമ്മർദത്തെ തുടർന്ന് ഭേദഗതി ഉത്തരവും പുറത്തിറങ്ങിയതിനു പിന്നാലെ റവന്യൂ വകുപ്പിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. സ്ഥലം മാറ്റം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളിൽ ഭരണ കക്ഷി സർവിസ് സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നത് റവന്യൂ വകുപ്പിൽ വലിയ തലവേദന സൃഷ്ടിക്കുകയാണ്. സംഘടനകളുടെ അമിത ഇടപെടൽ റവന്യൂ വകുപ്പിന്റെ സുഗമാമായ പ്രവർത്തനത്തെ ബാധിക്കുന്നതായി ജീവനക്കാർ തന്നെ പറയുന്നു. ഭരണകക്ഷി സർവിസ് സംഘടനയായ എൻ.ജി.ഒ യൂനിയനും ജോയിന്റ് കൗൺസിലും തമ്മിലുള്ള പോര് റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
വില്ലേജ് ഓഫിസർക്ക് പിന്നാലെ സ്പെഷൽ വില്ലേജ് ഓഫിസർ/സീനിയർ ക്ലർക്കുമാരുടെ സ്ഥലം മാറ്റവും വിവാദമായിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് മറ്റു ജില്ലകളിൽ നിന്നും ഓൺലൈൻ സ്ഥലംമാറ്റം മുഖേന നിയമിക്കപ്പെട്ടവർക്കും ലാന്റ് റവന്യൂ കമീഷണറേറ്റിൽ നിന്നു ജില്ലയിലേക്ക് നിയമിക്കപ്പെട്ടവർക്കും നിയമന ഉത്തരവ് ഇതുവരെ നൽകിയിട്ടില്ല. ഫലത്തിൽ ജില്ല കലക്ടർക്ക് ജോയിനിങ് റിപ്പോർട്ട് നൽകിയത് മുതലുള്ള സർവിസ് ആനുകൂല്യവും ശമ്പളവും ജോലി ചെയ്യാതെ നൽകേണ്ട അവസ്ഥയാണുള്ളത്. ഭരണ സ്വാധീനം ഉപയോഗിച്ച് സുപ്രധാന തസ്തികളിൽ ഒരേ ആളുകൾ തന്നെ വർഷങ്ങളായി ഇരിക്കുന്നതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒരു സീറ്റിൽ മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെ ഇരുത്തരുതെന്ന സർക്കാർ ഉത്തരവും പൊലീസ് വിജിലൻസ് ശിപാർശയും നിലനിൽക്കെ അഞ്ചുവർഷം വരെ ഒരേ കസേരയിൽ തുടരുന്ന ജീവനക്കാർ ജില്ലയിൽ റവന്യൂ വകുപ്പിലുണ്ട്.
റവന്യൂ ജീവനക്കാരുടെ അച്ചടക്കനടപടി കൈകാര്യം ചെയ്യുന്ന സുപ്രധാന സീറ്റായ എസ്. വണിൽ ഭരണ കക്ഷിയുടെ പ്രധാന നേതാക്കൾക്കെതിരേയുള്ള അച്ചടക്ക നടപടിയുടെ ഫയലുകൾ പൂഴ്ത്തി വെച്ചതായി നേരത്തേ ആരോപണം ഉയരുകയും തുടർന്ന് സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, പകരം വന്ന ജീവനക്കാരും ഭരണകക്ഷി നേതാക്കളായ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടികളുടെയും അവിഹിത ഇടപെടലുകളുടെയും പരാതിയുള്ള ഫയലുകളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്നാണ് സർവിസ് സംഘടനകൾ ആരോപിക്കുന്നത്. സീനിയർ ആയ ക്ലർക്കുമാരെ നിയമിക്കേണ്ട കലക്ടറേറ്റിലെ സുപ്രധാനമായ ക്ലറിക്കൽ തസ്തികകളിൽ താരതമ്യേന ജൂനിയർ ആയ പ്രൊബേഷൻ പോലും പൂർത്തീകരിക്കാത്ത ജീവനക്കാരെ നിയമിക്കുകയും ഭരണ അനുകൂല സർവിസ് സംഘടനയുടെ താൽപര്യം സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് യൂനിയൻ ആരോപിക്കുന്നു.
വ്യാജ വികലാംഗ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണ തസ്തികകളിൽ ജോലി ചെയ്തവരെ നേരത്തേ റവന്യൂ വകുപ്പിൽ നിന്ന് ഉൾപ്പെടെ പിരിച്ചുവിട്ടിരുന്നു. ഇടവേളക്കുശേഷം പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ വികലാംഗ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ റവന്യൂ വകുപ്പിൽ വീണ്ടും മൂന്നു വർഷത്തിനിടയിൽ നിയമനങ്ങൾ നടന്നതായി വികലാംഗ സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായാണ് വിവരം. വില്ലേജ് ഓഫിസുകളിൽ നിർബന്ധിത സേവനം സർക്കാർ ഉത്തരവിലൂടെ ഉറപ്പാക്കപ്പെട്ടിട്ടും പലരും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ കലക്ടറേറ്റിലും മാനന്തവാടി സബ് ഓഫിസിലും വൈത്തിരി താലൂക്ക് ഓഫിസിലും തുടരുന്നതിനെതിര ജീവനക്കാർക്കിടയിൽ അമർഷം ഉയർന്നിട്ടുണ്ട്.
2026 ജനുവരി ഒന്നു മുതൽ നിർബന്ധിത വില്ലേജ് സേവനം ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാർക്ക് വില്ലേജ് ഓഫിസർ ആകാൻ കഴിയില്ല. എന്നാൽ, അത്തരക്കാരെ സംരക്ഷിക്കുന്നതിന് വില്ലേജ് ഓഫിസിൽ നിയമിക്കുകയും ജോലി ക്രമീകരണത്തിൽ മറ്റു ഓഫിസിലേക്ക് മാറ്റി നിയമിക്കുകയും ചെയ്യുകയാണെന്നാണ് ആരോപണം. അതേസമയം, ചേരി തിരിഞ്ഞ് പോരടിക്കുന്ന പ്രതിപക്ഷ സർവിസ് സംഘടന ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. രണ്ടു വിഭാഗമായി മാറിയ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാത്തതിനെതിരെ സംഘടനയിലെ അംഗങ്ങൾക്കിടയിൽ പ്രതിഷേധം കനത്തിട്ടുണ്ട്.
വില്ലേജ് ഓഫിസർക്കെതിരായ ഭീഷണിയിൽ നടപടിയില്ല
വയൽ നികത്താൻ കൂട്ടുനിൽക്കാത്ത എൻ.ജി.ഒ യൂനിയൻ ഭാരവാഹിയായ മാനന്തവാടി വില്ലേജ് ഓഫിസറെ തൊണ്ടർനാട്ടിലേക്ക് സ്ഥലം മാറ്റിയത് മണ്ണ് മണൽ മാഫിയകളുടെ സമ്മർദത്തെ തുടർന്നാണെന്ന് ഭരണ കക്ഷിയായ യൂനിയൻ തന്നെ ആരോപിക്കുന്നു. മറ്റൊരു സർക്കാർ അനുകൂല സർവിസ് സംഘടനയുടെ സമ്മർദ ഫലമായാണ് മണ്ണുമാഫിയക്ക് വേണ്ടിയുള്ള സ്ഥലം മാറ്റമെന്നാണ് നേതാക്കളുടെ ആരോപണം. വയൽ നികത്താൻ കൂട്ടുനിൽക്കാത്ത ഈ വില്ലേജ് ഓഫിസറെ വീണ്ടും കാസർകോട്ടേക്ക് സ്ഥലം മാറ്റുമെന്ന ഭീഷണി ഓഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വള്ളിയൂർക്കാവിൽ വയൽ നികത്തിയതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസർ നടപടി സ്വീകരിക്കുകയും മണ്ണുമാന്തി യന്ത്രം കണ്ടുകെട്ടുകയും ലക്ഷങ്ങൾ പിഴയിടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വില്ലേജ് ഓഫിസറായി നിയമിതനായി ഒമ്പതു മാസം മാത്രം ആകുമ്പോഴേക്ക് തൊണ്ടർനാട്ടിലേക്ക് സ്ഥലം മാറ്റം നൽകിയത്. പിന്നാലെയായിരുന്നു അടുത്ത സ്ഥലം മാറ്റം കാസർകോട്ടേക്ക് ആയിരിക്കുമെന്ന് പറഞ്ഞ് വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.