കുഞ്ഞുങ്ങളാണ്, അവർ വൈകല്യമില്ലാത്തവരാകട്ടെ
text_fieldsകൽപറ്റ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രാരംഭ ഇടപെടല്‍
കേന്ദ്രം
കൽപറ്റ: ജനനവൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾക്ക് കരുതലായി കൽപറ്റയിൽ ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡി.ഇ.ഐ.സി). ബാല്യകാല അസുഖങ്ങള്‍, വളര്‍ച്ചയിലെ കാലതാമസം തുടങ്ങി 30ഓളം അസുഖങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിച്ച് ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൽപറ്റ ജനറൽ ആശുപത്രിയിൽ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി 10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇതുവരെ പതിനായിരത്തോളം കുട്ടികളുടെ ആശ്രയമായിട്ടുണ്ട്.
സൈക്കോളജി, ശ്രവണ-സംസാര വൈകല്യ വിഭാഗം, ഒപ്റ്റോമെട്രി, ഫിസിയോതെറപ്പി, സ്പെഷ്യല്‍ എജുക്കേഷന്‍, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെയുള്ളത്. സൈക്കോളജി വിഭാഗത്തില്‍ ബുദ്ധിക്കുറവ്, ശ്രദ്ധക്കുറവ്, സ്വഭാവ വൈകൃതങ്ങള്‍, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിന് ചികിത്സ എന്നിവക്ക് പുറമെ കൗണ്‍സലിങ്, രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിങ് എന്നിവയും ഉറപ്പാക്കുന്നു.
ശ്രവണ-സംസാര വൈകല്യ വിഭാഗത്തില്‍ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനുമുള്ള പ്രശ്നങ്ങൾ, സെറിബ്രല്‍ പാഴ്സി, വിക്ക്, കൊഞ്ഞിപ്പ് തുടങ്ങിയവക്കാണ് ചികിത്സ. ഒപ്റ്റോമെട്രി വിഭാഗത്തില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രാരംഭ പരിശോധനകളും തുടര്‍ പരിചരണങ്ങളും നടത്തുന്നു.
ചലന പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍, വ്യായാമ മുറകള്‍, ഇലക്ട്രോ-ഹൈഡ്രോ-ഫിസിയോതെറപ്പി എന്നിവ ലഭ്യമാണ്. സ്പെഷല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ പഠനവൈകല്യത്തിനും ഓർമക്കുറവിനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. തെറപ്പികളും മറ്റു ചികിത്സകളും ഏകോപിപ്പിച്ച് ചികിത്സരീതികള്ക്ക് നേതൃത്വം നല്കാന് ശിശുരോഗ വിദഗ്ധന്റെയും മെഡിക്കല്‍ ഓഫിസറുടെയും സേവനമുണ്ട്.
മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സ സഹായവും ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് ശ്രവണ സഹായി സൗജന്യമായി നല്കുന്ന പദ്ധതിയും ഏകോപിപ്പിക്കുന്നത് പ്രാരംഭ ഇടപെടല്‍ കേന്ദ്രം മുഖേനയാണ്. ദുര്‍ഘട മേഖലയില്‍നിന്ന് കൽപറ്റയിലെ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെത്തിപ്പെടാന് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി 13 ആരോഗ്യ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് മുഖേന ചികിത്സ ഉറപ്പാക്കുന്നുണ്ട്.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ, തരിയോട്, മീനങ്ങാടി, പുൽപള്ളി, പേര്യ, പനമരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തൊണ്ടര്‍നാട്, പൊഴുതന, അമ്പലവയല്‍, പൂതാടി, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് മുഖേന സേവനം നല്‍കുന്നത്.
കുഞ്ഞുങ്ങളിലെ ക്ലബ് ഫൂട്ട് പരിഹരിക്കാം
നവജാതശിശുക്കളിലെ ക്ലബ് ഫൂട്ട് വൈകല്യം അഥവാ കാലുകളുടെ വളവിന് ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിൽ സൗജന്യമായി വിദഗ്ധ ചികിത്സയാണ് ലഭിക്കുന്നത്. ഒരു കാലോ രണ്ടുകാലുകളുമോ ഉള്ളിലേക്കോ പുറത്തേക്കോ വളഞ്ഞ രൂപത്തിലുള്ള വൈകല്യത്തെയാണ് ക്ലബ് ഫൂട്ട് എന്ന് വിളിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ കാലുകൾ ഗോൾഫ് സ്റ്റിക്കുകളുടെ (ഗോൾഫ് ക്ലബ്) അഗ്രഭാഗം പോലെയായിരിക്കും. ഇതിനാലാണ് ഈ പേര് വന്നത്.
ക്ലബ് ഫൂട്ട് ചികിത്സക്കായി ഇവിടെയെത്തുന്നത് നിരവധി ആളുകളാണ്. 2025 ജൂലൈ 17 വരെ 123ഓളം കുട്ടികള്‍ക്കാണ് ചികിത്സ നല്‍കിയത്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ വലുതായാല്‍ നടക്കുമ്പോള്‍ വൈകല്യമുണ്ടാകാം. കുട്ടി ജനിച്ചുകഴിയുമ്പോള്തന്നെ കൈകാലുകള്‍ക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നു പരിശോധിച്ച്, സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.
ജന്മനാ കാലുകള്‍ക്കുണ്ടാകുന്ന ക്ലബ് ഫൂട്ട് ചികിത്സ സൗജന്യമായാണ് നല്‍കുന്നത്. ഇന്ത്യയിൽ ഓരോ പത്ത് മിനിറ്റിനുള്ളിലും ഒരു കുഞ്ഞ് ക്ലബ് ഫൂട്ട് വൈകല്യത്തോടെ പിറക്കുന്നുവെന്നാണ് ഈ രംഗത്ത് സർക്കാറുമായി ചേർന്നുപ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്യുവർ ഇന്റർനാഷനൽ ഇന്ത്യയുടെ കണക്ക്. ചികിത്സക്കും മറ്റ് വിവരങ്ങൾക്കും 8800020519, 8800020419 എന്നീ നമ്പറിൽ വിളിക്കാം.
ക്ലബ് ഫൂട്ട് ചികിത്സ ഇങ്ങനെ
കാൽവിരലുകൾ മുതൽ ഇടുപ്പുവരെ പ്ലാസ്റ്റർ ഇടുകയെന്നതാണ് പ്രാഥമിക ചികിത്സ. ഇതോടെ ചുരുങ്ങിക്കിടക്കുന്ന മാംസപേശികൾ വലിഞ്ഞ് ശരിയായ രീതിയിലെത്തും. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ പ്ലാസ്റ്റർ മാറ്റി പുതിയവ ഇടും. മിക്ക കുഞ്ഞുങ്ങളിലും ആറുമുതൽ എട്ടുതവണ വരെ പ്ലാസ്റ്റർ മാറ്റിയിടേണ്ടി വരും. വിദഗ്ധ ഡോക്ടർമാരാണ് ഇത് ചെയ്യുക.
ക്ലബ് ഫൂട്ട് വൈകല്യമുള്ള കുഞ്ഞുങ്ങളുടെ കാലുകൾ
കാലിന്റെ പിറകിലുള്ള വള്ളി മുറിക്കുന്ന ‘ടീനോട്ടമി’ എന്ന ചെറു ശസ്ത്രക്രിയയാണ് അടുത്ത ഘട്ടം. തുടർന്ന് കുഞ്ഞിന് ‘ബ്രേസ്’ എന്ന് വിളിക്കുന്ന ചെറിയ ഷൂസ് ധരിപ്പിക്കും. നാലുമുതൽ അഞ്ചുവർഷം വരെ ഈ ഷൂസ് കുഞ്ഞിനെ ധരിപ്പിക്കണം. ഇതുപേയോഗിച്ച് കുഞ്ഞുങ്ങൾക്ക് സാധാരണ രൂപത്തിൽതന്നെ നടക്കാനും ഓടാനും കഴിയും. നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ക്ലബ് ഫൂട്ട് വൈകല്യം പൂർണമായും ഭേദമാകുമെന്നും അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.