ഉൽപ്പാദനം വർധിച്ചു, വിപണിയിൽ വില ഉയരാതെ കഷ്ടത്തിലായി ഇഞ്ചി കർഷകർ
text_fieldsകല്പറ്റ: ഇഞ്ചിയുടെ വില വർധിക്കാത്തത് ആയിരക്കണക്കിന് കർഷകർക്ക് തിരിച്ചടിയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇത്തവണ. ഉൽപാദനം വർധിച്ചത് കാരണം വിപണയിൽ ഇഞ്ചി യഥേഷ്ടം ലഭിക്കുന്നതും ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതുമാണ് ഇഞ്ചി വില ഇടിയാൻ കാരണം. ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ആയിരക്കണക്കിനാളുകളാണ് ഇഞ്ചിക്കൃഷി നടത്തുന്നത്. നിലവില്‍ മുടക്കുമുതല്‍ പോലും കിട്ടാത്ത സ്ഥിതിയിലാണ് ഇഞ്ചിക്കര്‍ഷകര്‍ക്ക്.
ഇതര സംസ്ഥാനങ്ങളില്‍ തദ്ദേശീയ ഇഞ്ചിക്കൃഷിക്കാരുടെ എണ്ണം ഇത്തവണ കുതിച്ചുയർന്നത് വിപണയിൽ ഇഞ്ചി സുലഭമായി ലഭിക്കുന്നതിന് കാരണമായി. കര്‍ണാടക മാര്‍ക്കറ്റുകളില്‍ ഇഞ്ചി ചാക്കിന് (60 കിലോഗ്രാം)1,500-1,550 രൂപയാണ് നിലവിലുള്ള വില. എന്നാൽ കർഷകന് ഇതിന്റെ ഇരട്ടിയോളം ആണ് ഉത്പാദനച്ചെലവ്. കഴിഞ്ഞ വര്‍ഷം ഈ സീസണിൽ ചാക്കിന് ശരാശരി 6,000 രൂപ വില ഇഞ്ചിക്ക് ലഭിച്ചിരുന്നു.
വിപണികളില്‍ ഇഞ്ചി ലഭ്യത വർധിച്ചതാണ് വില ഉയരാത്തതിനു കാരണമെന്ന് മുട്ടിലിലിലെ വ്യാപാരിയായ ഹനീഫ പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഭാഗങ്ങളില്‍ തദ്ദേശീയര്‍ വ്യാപകമായി ഇത്തവണ കൃഷി ഇറക്കിയിട്ടുണ്ട്. മാരന് ഇനം ഇഞ്ചി വലിയ വിലക്കുറവിലാണ് വിപണികളില്‍ വില്പനക്ക് എത്തുന്നത്. കര്‍ണാടകയില്‍ കൂര്‍ഗ്, മൈസൂരു, ഷിമോഗ, ഹാസന്, ചാമരാജ്നഗര്‍, ഹുബ്ലി, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് മലയാളികള്‍ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. ഒരേക്കര്‍ കരഭൂമിക്കു 60,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പാട്ടത്തിനെടുത്താണ് കര്‍ണാടകയില്‍ മലയാളികൾ കൃഷി നടത്തുന്നത്. മികച്ച ഉത്പാദനവും ചാക്കിനു 4,000 രൂപയില്‍ കുറയാതെ വിലയും ലഭിച്ചാലേ കൃഷി ലാഭകരമാകൂ. ഈ സ്ഥാനത്താണ് 1600 രൂപ ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.