കൽപറ്റ നീരൊഴുക്ക് നികത്തൽ; നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൽപറ്റ: നഗരസഭയിലെ സ്വാഭാവിക നീരൊഴുക്ക് മണ്ണിട്ട് നികത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഹൈകോടതി നിർദേശം. എമിലി റോഡിൽ ആറാം വാർഡിലാണ് സ്വകാര്യ വ്യക്തി നിലം മണ്ണിട്ട് നികത്തിയതിനെ തുടർന്നാണ് നീരൊഴുക്ക് പൂർണമായും അടയുകയും മഴവെള്ളം വലിയ തോതിൽ കെട്ടിക്കിടക്കുകയും ചെയ്തത്.
വിഷയത്തിൽ നഗരസഭക്കും റവന്യൂ വകുപ്പിനും പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പ്രദേശവാസിയായ മാട്ടിൽ നൗഷാദ് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി മുഖേന ഹൈകോടതിയെ സമീപിച്ചത്. നിരവധിതവണ ആവശ്യപ്പെട്ടിട്ടും സ്ഥലമുവുടമ മണ്ണ് എടുത്തു മാറ്റാൻ തയാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്.
നഗരസഭയിൽ നിന്നും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് അന്നത്തെ കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് കൽപറ്റ നഗരസഭ അധികൃതരോട് അടിയന്തരമായി മണ്ണ് നീക്കം ചെയ്യുന്നതിന് കലക്ടർ നിർദേശിച്ചുവെങ്കിലും നടപ്പായില്ല. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള നിലം നികത്തി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതോടെ പ്രദേശത്തെ വീടുകൾ ഭീഷണിയിലായിരുന്നു.
വെള്ളം കെട്ടിക്കിടന്ന് വീടുകളുടെ തറയിലേക്ക് ഇറങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളിലും മലിന ജലമെത്തി. അടിയന്തരമായി നികത്തിയ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ എന്ന നിലയിൽ കലക്ടർ നൽകിയ ഉത്തരവിനെ തുടർന്ന് നഗരസഭ അധികൃതർ ചെറിയതോതിൽ വെള്ളം തുറന്നു വിട്ടിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
നീരൊഴുക്കിന് തടസ്സമായ മണ്ണ് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് ഭൂവുടമക്ക് കലക്ടറുടെ ഓഫിസ് നിർദേശം നൽകി. മണ്ണ് നീക്കാത്ത പക്ഷം നഗരസഭ നടപടി സ്വീകരിക്കുകയും ഇതിനായി വരുന്ന ചെലവ് ഭൂവുടമയിൽ നിന്ന് ഈടാക്കണമെന്ന് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നഗരസഭ സെക്രട്ടറി ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തെന്ന വരുത്തി തീർക്കാൻ കുറച്ചുമാത്രം മണ്ണ് നീക്കം ചെയ്തുവെന്നുമാണ് പരാതി. ആർ.ഡി.ഒ ഉൾപ്പെടെ റവന്യൂ അധികൃതർ നടത്തിയ സ്ഥല പരിശോധനയിലും നിലം നികത്തിയത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും നൗഷാദ് പരാതി നൽകിയിരുന്നു. അതിലും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നഗരസഭയുടെ സാമ്പത്തിക ചെലവിലാണ് ഓവുചാൽ നിർമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.