വിശ്വനാഥന് നീതി വൈകുന്നു
text_fieldsവിശ്വനാഥൻ
കൽപറ്റ: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തി, കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തെ മരക്കൊമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിന് നീതി ഇനിയുമകലെ. ഭാര്യക്കൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കൽപറ്റ അഡലേഡ് സ്വദേശി വിശ്വനാഥൻ ആൾക്കൂട്ട വിചാരണയുടെ ഇരയായാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും വിവിധ സംഘടനകളും തെളിവുകൾ സഹിതം ആരോപിക്കുമ്പോഴും ഇതിലൊന്നും വലിയ കഴമ്പില്ലന്ന പൊലീസിന്റ കണ്ടെത്തലുകൾ ശരിവെക്കാനാണ് ഭരണകൂടത്തിനും താൽപര്യം.
സഹോദരൻ വിനോദ് അനുജനന്റെ നീതിക്കുവേണ്ടി കോടതി വരാന്ത കയറിയിറങ്ങാൻ തുടങ്ങിയിട്ട് രണ്ടര വർഷമായെങ്കിലും നീതിദേവത കനിഞ്ഞില്ല. 2023 ഫെബ്രുവരി 11നാണ് കോഴിക്കോട് മെഡിക്കൽ കോളജ് വളപ്പിൽ വിശ്വനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഡിവൈ.എസ്.പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് അന്വേഷണം നീതി പൂർവമല്ലെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതി കയറിയത്.
കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ കോടതിയിൽ 14 തവണയാണ് വിധി പറയാൻ മാത്രം കേസ് മാറ്റിവെച്ചത്. വാദവും മറുവാദവും തെളിവുകളും രേഖകള്‍ സമർപ്പിക്കലുമൊക്കെയായി പതിവുനടപടിക്രമങ്ങള് എല്ലാം കഴിഞ്ഞ കേസില്‍ ഉത്തരവു പറയുന്നതിനു മാത്രമായാണ് ഏഴുമാസത്തിനുള്ളിൽ 14 തവണ മാറ്റിയത്. വിശ്വനാഥന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ രണ്ടിലധികം പ്രാവശ്യം ഭാര്യ ബിന്ദുവും കൈക്കുഞ്ഞും അവരുടെ മാതാവും കോടതിയിലെത്തിയിരുന്നു. ഹരജിക്കാരനായ സഹോദരന് വിനോദ് കോഴിക്കോട്ടേക്കുള്ള വണ്ടിക്കൂലി ആരോടെങ്കിലും കടം വാങ്ങി ഓരോ തവണയും കോടതി വരാന്തയിലെത്തുമ്പോൾ ഇന്നു തീരുമാനമാകുമെന്ന പ്രതീക്ഷയിലാണുണ്ടാവുക. കഴിഞ്ഞ 21ന് കേസ് പരിഗണിച്ചപ്പോഴും ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്ത മാസം നാലിലേക്ക് മാറ്റുകയായിരുന്നു.
വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേ ദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ െവച്ച് മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റും ചേർന്ന് മർദിച്ചതായി അന്നു തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ചിലർ വിശ്വനാഥനെ ചോദ്യം ചെയ്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വിവിധ സംഘടനകളും ആരോപിച്ചു. അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി പൂർണമായി രേഖപ്പെടുത്തുകയോ ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുകയോ ചെയ്തില്ലെന്നായിരുന്നു പ്രധാന ആരോപണം. സംഭവ സമയത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഉൾപ്പെടെ കൃത്യമായി ചോദ്യം ചെയ്തില്ലെന്ന പരാതികളും ബന്ധുക്കൾ കോടതിയിൽ ഉന്നയിച്ചിരുന്നു.
വിശ്വനാഥൻ ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ വർഷം ജനുവരിയിൽ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച ദുരൂഹ മരണം വൻ വിവാദമാകുകയും പട്ടികജാതി ഗോത്ര കമീഷൻ ഉൾപ്പെടെ വിഷയത്തിൽ പൊലിസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെയാണ് ക്രൈംബ്രാഞ്ച് ആന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. വെറുതെ ഒരാള്‍ തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു കമീഷന്റെ ചോദ്യം.
നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്നും കമീഷന് അഭിപ്രായപ്പെട്ടിരുന്നു. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് താൽക്കാലിക ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതൊക്കെയും ജലരേഖയായി. അതേസമയം, ഇനിയും വിധി പറയാൻ വൈകുന്ന പക്ഷം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടനകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.