വയനാട്ടിലും ഹിറ്റായി കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ
text_fieldsകൽപറ്റ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കായി ഇനി പണം കൈയിൽ കരുതേണ്ട, ട്രാവൽ കാർഡുകൾ മതി. മുൻകൂട്ടി റീ ചാർജ് ചെയ്യുന്ന ഇത്തരത്തിലുള്ള ട്രാവൽ കാർഡുകൾ ജില്ലയിലും ഹിറ്റാകുന്നു. ഇതിനകം വയനാട്ടിലും കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ ഉപയോഗത്തിൽ വന്നു. യാത്രക്കാർക്കും ബസ് കണ്ടക്ടർക്കും ഏറെ ഉപകരിക്കുന്ന സംവിധാനമാണിത്. ഒരു ലക്ഷം കാർഡുകളാണ് കേരളത്തിൽ അധികൃതർ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഡിപ്പോകളിൽ മാത്രമാണിവ നിലവിൽ വിതരണം ചെയ്തത്. എന്നാൽ വയനാട്ടിൽ യാത്രക്കാരുടെ കൂട്ടായ്മയായ പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷനാണ് തങ്ങളുടെ അംഗങ്ങൾക്ക് ഇതിനകം കാർഡ് വിതരണം നടത്തിയത്. 112 ട്രാവൽ കാർഡുകൾ ഇത്തരത്തിൽ വിതരണം നടത്തിയിട്ടുണ്ട്.
നൂറ് രൂപയാണ് കാർഡ് വില. നിശ്ചിത കാലത്തേക്ക് റീ ചാർജ് ഓഫറും ഉണ്ട്. 1000 രൂപക്ക് റീചാർജ് ചെയ്താൽ 1040 രൂപ കാർഡിൽ കയറും. 2000 രൂപക്ക് റീ ചാർജ് ചെയ്താൽ 2100 രൂപയാണ് കാർഡിൽ വരിക. ഇത്തരത്തിൽ സാമ്പത്തികനേട്ടവും കാർഡ് ഉപയോക്താക്കൾക്കുണ്ട്. ട്രാവൽ കാർഡിന് കൂടുതൽ യാത്രക്കാർ ദിനേന അന്വേഷിക്കുന്നതായി അസോസിയേഷൻ കൺവീനർ അഷ്റഫ് മല്ലൻ പറഞ്ഞു.
വയനാട്ടിലെ ഡിപ്പോകളിൽ കാർഡുകൾ ഉടൻ
ഓണത്തോടനുബന്ധിച്ച് കൂടുതൽ ട്രാവൽ കാർഡുകൾ ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലുമെത്തും. യാത്രക്കാരുടെ കാർഡുകൾ കണ്ടക്ടർമാർ പ്രത്യേക ടിക്കറ്റ് മെഷീനുകൾ ഉപയോഗിച്ച് റീഡ് ചെയ്യുകയാണ് ചെയ്യുക. ഇതിനായുള്ള പുതിയ ടിക്കറ്റ് മെഷീനുകൾ ജില്ലയിലെ ഡിേപ്പാകളിൽ വിതരണം ചെയ്തിട്ടുണ്ട്. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, വിവിധ കെ.എസ്.ആർ.ടി.സി യൂനിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ട്രാവൽ കാർഡുകൾ ലഭിക്കും. ഒരു വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ കാർഡ് വീണ്ടും ആക്റ്റിവേറ്റ് ചെയ്യണം. കാർഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ അതത് കെ.എസ്.ആർ.ടി.സി യൂനിറ്റിൽ അപേക്ഷ നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ പുതിയത് കിട്ടും.
കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റികിട്ടില്ല. പകരം നിശ്ചിത തുക നൽകിയാൽ പുതിയ കാർഡ് കിട്ടും. പഴയ കാർഡിലെ തുക പുതിയ കാർഡിലേക്ക് മാറ്റിനൽകുകയും ചെയ്യും. ട്രാവൽ കാർഡിന്റെ സ്വീകാര്യത മനസ്സിലാക്കി മൂന്നര ലക്ഷം കാർഡുകൾ കൂടി കെ എസ് ആർ ടി സി പുറത്തിറക്കുന്നുണ്ട്.
സ്വന്തമായി റീചാർജ് ചെയ്യാം
നൂറുരൂപക്ക് ഒരു വർഷം കാലാവധിയുള്ള കാർഡാണ് കിട്ടുക. മൊബൈൽ ഫോണിൽ കെ.എസ്.ആർ.ടി.സിയുടെ ചലോ ആപ് ഇൻസ്റ്റാൾ ചെയ്ത് യു.പി.ഐയിലൂടെ കാർഡ് റീ ചാർജ് ചെയ്യാം. അല്ലെങ്കിൽ യാത്രവേളയിൽ കണ്ടക്ടർക്ക് പണം നൽകിയും റീ ചാർജ് ചെയ്യാനാകും.
ബന്ധുക്കൾ, സുഹൃത്തുകൾ തുടങ്ങിയവർക്ക് കാർഡുകൾ കൈമാറാനും പറ്റും. റീ ചാർജ്ചെയ്യാനാകുന്ന ചെറിയ തുക 50 രൂപയാണ്. 3000 രൂപവരെയും റീചാർജ് ചെയ്യാം. ഈ തുകക്ക് ഒരു വർഷം വരെ കാലാവധിയുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.