മുസ്ലിം ലീഗ് ഭവനപദ്ധതി തറക്കല്ലിടല്‍
text_fieldsഉരുൾദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് വീടുകൾ പണിയുന്ന
തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോട് പ്രദേശത്തെ സ്ഥലം
കൽപറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തത്തിലെ അതിജീവിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പദ്ധതിയിലെ വീടുകളുടെ തറക്കല്ലിടല്‍ ബുധനാഴ്ച നടക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കലിടൽ നടത്തുമെന്ന് ജില്ല ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക. ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലാണ് ഇതിനായി സ്ഥലം വാങ്ങിയത്. തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോടു ചേര്‍ന്ന 11 ഏക്കര്‍ ഭൂമിയാണ് വിലക്കു വാങ്ങിയത്. 2000 സ്ക്വയര്‍ഫീറ്റ് വീട് നിർമിക്കാനുള്ള അടിത്തറയോടുകൂടി 1000 സ്ക്വയര്‍ഫീറ്റ് വീടുകളാണ് നിർമിക്കുക. മൂന്നു മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലാണ് വീടുകളുടെ നിർമാണം. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതി പ്രദേശത്തുനിന്ന് കൽപറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തിലെത്താൻ കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെള്ളിത്തോട് ഉപസമിതിയുടെ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. 105 കുടുംബങ്ങള്‍ക്കാണ് വീട് നിർമിച്ചു നല്‍കുക. സർക്കാർ പട്ടികയിലുണ്ടെങ്കിലും ടൗൺഷിപ്പിലെ വീടിന് താൽപര്യമില്ലാത്തവർ, പട്ടികയിലില്ലാത്ത എന്നാൽ ദുരന്തഭൂമിയിൽ തുടർവാസം സാധ്യമാകാത്തവർ എന്നിവരെയും ഗുണഭോക്താക്കളായി പരിഗണിക്കുന്നുണ്ട്.
തറക്കല്ലിടൽ ചടങ്ങിന്റെ ഭാഗമായ സാംസ്കാരിക പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.എം.എ. സലാം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം. ഷാജി, ലീഗിന്റെ പുനരധിവാസ ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ. ഫിറോസ്, പി. ഇസ്മായില്‍, ടി.പി.എം. ജിഷാന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
കേരളത്തിലെ പ്രശസ്ത ആര്‍ക്കിടെക്റ്റായ ടോണിയുടെ നേതൃത്വത്തിലുള്ള സപതി ആര്‍ക്കിടെക്റ്റ്സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയാറാക്കിയത്. ഉരുൾദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം മുതല്‍ പുനരധിവാസത്തിന്റെ ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ക്കൊപ്പം നിന്ന മുസ്ലിം ലീഗ് ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങുകയാണെന്ന് നേതാക്കൾ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ജില്ല ഭാരവാഹികളായ എന്‍.കെ. റഷീദ്, റസാഖ് കൽപറ്റ, എന്‍. നിസാര്‍ അഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍, പി.പി. അയ്യൂബ്, കെ. ഹാരിസ്, സി. കുഞ്ഞബ്ദുല്ല, എം.എ. അസൈനാര്‍, സി.പി. മൊയ്തു ഹാജി, സലിം മേമന എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.