പുതിയ സ്കൂൾ ഉച്ചഭക്ഷണം; കുട്ടികൾ ഹാപ്പി
text_fieldsകൽപറ്റ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നു
കൽപറ്റ: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചപ്പോൾ ജില്ലയിലെ കുട്ടികളും ഹാപ്പി. പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണം ജില്ലയിൽ 79,158 വിദ്യാർഥികൾക്കാണ് ലഭിക്കുന്നത്. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 289 സ്കൂളുകളിലായാണ് ഇത്രയും കുട്ടികൾ പഠിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണം വിളമ്പിത്തുടങ്ങിയത്.
പുതിയ ഉച്ചഭക്ഷണം രുചികരവും ഏറെ നല്ലതുമാണെന്ന് കൽപറ്റ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പറയുന്നു. മുട്ട ഫ്രൈഡ് റൈസും തേങ്ങാചോറുമാണ് കുട്ടികൾക്കിടയിൽ ഹിറ്റെന്നാണ് അധ്യാപകരുടെ അഭിപ്രായം. മൂന്നുതരം കറികളും ഉപ്പേരിയുമാണ് നൽകുന്നത്. ഇതിന് പുറമെ, ആഴ്ചയിൽ ഒരുദിവസം തേങ്ങാചോറും ഫ്രൈഡ് റൈസും തക്കാളിചോറുമുണ്ട്.
തിങ്കളാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് കുട്ടികൾക്ക് തിളപ്പിച്ച പാൽ നൽകും. ഉച്ചക്ക് ചോറിന് സാമ്പാർ, ബീറ്റ്റൂട്ട് ഉപ്പേരി, എരിശ്ശേരി എന്നിവയാണ്. ചൊവ്വാഴ്ച തേങ്ങാചോറും പൊതിന ചമ്മന്തിയും പച്ചടിയും. ബുധനാഴ്ച രാവിലെ തിളപ്പിച്ച പാലും ഉച്ചക്ക് ചോറും വൻപയർ- ചേനകറിയും കാബേജ് തോരനും അവിയലും. വ്യാഴാഴ്ച കുട്ടികൾക്ക് കൂടുതൽ ഇഷ്ടമുള്ള മുട്ട ഫ്രൈഡ് റൈസും ചമ്മന്തിയും കിച്ചടിയും ഉള്ളി-കിഴങ്ങ് മസാല വരട്ടിയതും. വെള്ളിയാഴ്ച തക്കാളി ചോറും കൂട്ടുകറിയും മുട്ടറോസ്റ്റ് അല്ലെങ്കിൽ അവിയലും വൻപയറും മത്തൻ കറിയും.
പുതുക്കിയ മെനു കാരണം വിദ്യാർഥികൾ ഉച്ചഭക്ഷണത്തോട് കൂടുതൽ താൽപര്യം കാണിക്കുന്നതായി സ്കൂൾ അധികൃതരും പറയുന്നു. വാട്ടർ പ്യൂരിഫയറിലെ വെള്ളമോ കഞ്ഞിവെള്ളമോ ചൂടുവെള്ളമോ ആണ് കുട്ടികൾക്ക് കുടിക്കാൻ നൽകുന്നത്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയിൽ രണ്ട് പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകുന്നു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.