നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതക്ക് ജീവൻ വെക്കുമോ?
text_fieldsകൽപറ്റ: നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതോടെ പദ്ധതിക്ക് പുതുജീവൻ കിട്ടുമെന്ന പ്രതീക്ഷയിൽ നാട്. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08ൽ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യപ്രകാരം, വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിനായി 2023ൽ നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ (236 കിലോമീറ്റർ) പുതിയ അന്തിമ സ്ഥല സർവേ (എഫ്.എൽ.എസ്) നടത്തിയിരുന്നു.
തലശ്ശേരി-മൈസൂരു പുതിയ പാതയുടെ സർവേ 2008-09 ൽ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 2018ൽ വീണ്ടും ഒരു സർവേ നടത്താൻ ശ്രമിച്ചെങ്കിലും നിശ്ചിത അലൈൻമെന്റ് കടന്നുപോവുന്ന തദ്ദേശവാസികളുടെ പ്രതിഷേധം കാരണം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഈ അലൈൻമെന്റ് വനത്തിലൂടെയും പരിസ്ഥിതി ദുർബല മേഖലകളിലൂടെയും കടന്നുപോകുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യപ്രകാരം, കർണാടക ഭാഗത്തെ നിലമ്പൂർ-നഞ്ചൻകോട് പാതയുമായി സംയോജിപ്പിച്ച് പുതിയ അലൈൻമെന്റിനുള്ള സാധ്യത ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് സ്ഥിരീകരിച്ചതിനുശേഷം, പദ്ധതിക്ക് അനുമതി നൽകേണ്ടതുണ്ടെന്നും മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായതിന് ശേഷം സംസ്ഥാന സർക്കാറുകൾ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നിതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനക്കു ശേഷം അന്തിമ അംഗീകാരം നേടുകയും വേണം. പദ്ധതികൾക്ക് അനുമതി നൽകുന്നത് തുടർച്ചയായ പ്രക്രിയയായതിനാൽ, കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ല. എന്നാൽ വേഗത വർധിപ്പിക്കുന്നതിനായി ഷൊർണൂർ-നിലമ്പൂർ വിഭാഗത്തിൽ റെയിൽവേ ട്രാക്കുകളുടെ നവീകരണത്തിന്റെ ഫലമായി 2024-25 കാലയളവിൽ ഷൊർണൂർ-നിലമ്പൂർ റീച്ചിന്റെ കൈവരിക്കാവുന്ന പരമാവധി വേഗം മണിക്കൂറിൽ 75 കിലോമീറ്ററിൽ 85 കിലോമീറ്റർ ആയി വർധിപ്പിച്ചതായി മന്ത്രി മറുപടിയിൽ അറിയിച്ചു.
നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത എങ്ങനെ?
നിലമ്പൂരിൽ നിന്ന് തുടങ്ങി വയനാടും പിന്നിട്ട് നഞ്ചൻകോടിൽ അവസാനിക്കുന്ന റെയിൽപാത പദ്ധതി വഴി കേരളത്തെയും കർണാടകയെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനാവും. 3,500 കോടി ചെലവ് വരുന്ന പദ്ധതിക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക, ടൂറിസം, കാർഷിക മേഖലയിലടക്കം വലിയ മാറ്റം കൊണ്ടുവരാനാവും. റെയിൽവേ വരുന്നതോടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള ദൂരം ഒരു മണിക്കൂറായി കുറയും.
1881ലാണ് നിലമ്പൂർ - നഞ്ചൻകോട് പാതയെ കുറിച്ചുള്ള ആദ്യ പഠനം നടക്കുന്നത്. സുവർണ പാതയെന്നായിരുന്നു ബ്രിട്ടീഷുകാർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. നിരവധി സമരങ്ങളെ തുടർന്ന് 2016 ഫെബ്രുവരിയിൽ റെയിൽവേ ബജറ്റിൽ നഞ്ചൻകോട്- ബത്തേരി-നിലമ്പൂർ പാതക്ക് അനുമതി ലഭിച്ചു.
നിർമാണം തുടങ്ങുന്നതിനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി. പാത നിർമിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെ തുടർന്ന് 2016 മേയ് 5ന് കേന്ദ്ര സർക്കാർ 30 സംയുക്ത പദ്ധതികളിൽ നിലമ്പൂർ-നഞ്ചൻകോട് പാതയെയും ഉൾപ്പെടുത്തി. ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവും റെയിൽവേയുടെ ഏകാംഗ കമീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ചു.
ബജറ്റിൽ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പദ്ധതിയോട് വേണ്ടത്ര താൽപര്യം പ്രകടിപ്പിക്കാതിരുന്നതും തിരിച്ചടിയായി. അടുത്തിടെ പാതയുടെ സർവേ നടപടികൾക്ക് ടെണ്ടർ നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.