പാസ്പോർട്ട് സേവാ കേന്ദ്രം നാളെ തുറക്കും
text_fieldsവയനാട് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങുന്ന
കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം
കൽപറ്റ: ജില്ലക്ക് സ്വന്തമായുള്ള പാസ്പോർട്ട് സേവ കേന്ദ്രം കൽപറ്റയിൽ ഏപ്രിൽ ഒമ്പതിന് തുറക്കും. വയനാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ബുധനാഴ്ച രാവിലെ 10ന് കേന്ദ്ര മന്ത്രി കീർത്തി വർധൻ സിങ് ഉദ്ഘാടനം ചെയ്യും.
കൽപറ്റയിൽ പോസ്റ്റൽ വകുപ്പിന്റെ സ്ഥലത്തു പുതുതായി നിർമിച്ച ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തോടനുബന്ധിച്ചാണ് പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, പ്രിയങ്ക ഗാന്ധി എം.പി, മന്ത്രി ഒ.ആർ. കേളു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
വർഷങ്ങൾക്കു മുമ്പ് എസ്.പി ഓഫിസിന് അടുത്തായി പാസ്പോർട്ട് ഓഫിസ് ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് നിർത്തലാക്കി. ഇതോടെ കാലങ്ങളായി പാസ്പോർട്ട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും വയനാട്ടുകാർ വടകര, കോഴിക്കോട് പാസ്പോർട്ട് ഓഫിസുകളെയായിരുന്നു ആശ്രയിച്ചത്. പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ എന്നിവക്കെല്ലാം ഒന്നിലേറെ തവണ ചുരമിറങ്ങേണ്ട അവസ്ഥയായിരുന്നു. പാസ്പോർട്ട് ലഭിക്കാനും ദിവസങ്ങളുടെ കാത്തിരിപ്പുവേണ്ടി വന്നിരുന്നു. കൽപറ്റയിൽ പാസ്പോർട്ട് സേവകേന്ദ്രം തുറക്കുന്നതോടെ വയനാട്ടുകാർക്ക് ഏറെ എളുപ്പത്തിൽ ഇനി ഇക്കാര്യങ്ങൾ ചെയ്യാനാകും. ഓഫിസിനുള്ള സൗകര്യവും ജീവനക്കാർക്കുള്ള പരിശീലനവും കൽപറ്റയിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പാസ്പോർട്ട് ഓഫിസ് ഇല്ലാത്ത ജില്ല വയനാട് മാത്രമായിരുന്നു. മുമ്പ് ഓഫിസ് ജില്ലയിൽ ആരംഭിക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും സ്ഥല സൗകര്യം ഇല്ലാത്തതിനാൽ നീണ്ടു പോവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.