വില്ലേജ് ഓഫിസർമാരുടെ പൊതു സ്ഥലംമാറ്റവും നിയമനവും വിവാദമാകുന്നു
text_fieldsകൽപറ്റ: വില്ലേജ് ഓഫിസർമാരുടെ പൊതു സ്ഥലംമാറ്റവും നിയമനവും വിവാദമാവുന്നു. സംസ്ഥാനതലത്തിൽ ഓൺലൈനായി ജീവനക്കാരുടെ അപേക്ഷപ്രകാരം സ്ഥലംമാറ്റത്തിന് അർഹത നേടിയവരെയും സീനിയർ ക്ലർക്ക് തസ്തികയിൽ നിന്നും ഉദ്യോഗക്കയറ്റം വഴി ജില്ലയിൽ നിയമിച്ചവരെയും ലാൻഡ് റവന്യൂ കമീഷണർ ജൂൺ 30നാണ് ഉത്തരവിലൂടെ സ്ഥലം മാറ്റി നിയമിച്ചത്. ഈ സ്ഥലംമാറ്റം മേയ് 31ന് മുമ്പ് നടക്കേണ്ടതായിരുന്നുവെങ്കിലും രണ്ടര മാസം വൈകിയാണ് ഉത്തരവ് ഇറങ്ങിയത്.
ഇതു പ്രകാരം ജില്ലയിൽ നിയമിക്കപ്പെട്ടവർക്ക് നിയമനം നൽകേണ്ടത് ജില്ല കലക്ടറാണ്. ജൂലൈ 17നാണ് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ നിയമിച്ച് ഉത്തരവിറക്കിയത്. ഈ സ്ഥലം മാറ്റവും നിയമനവുമാണ് ഇപ്പോൾ വിവാദമായത്. ഉത്തരവ് ഇറങ്ങിയ അഞ്ചു ദിവസമായിട്ടും പല സ്ഥലങ്ങളിലും ഇത് നടപ്പായിട്ടില്ലെന്നാണ് വിവരം. ഉത്തരവിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ആഭിമുഖ്യമുള്ള ജോയിന്റ് കൗൺസിലിന്റെ താത്പര്യം സംരക്ഷിച്ചുവെന്ന ആരോപണം എൻ.ജി.ഒ യൂനിയൻ ഉൾപ്പെടെയുള്ള സംഘടനകൾ ഉയർത്തുന്നുണ്ട്.
പ്രതിപക്ഷ സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളെ പലരേയും സൗകര്യപ്രദമായ കസേരകളിൽ നിയമിച്ചപ്പോൾ തങ്ങളുടെ സംഘടനയിൽപെട്ട പലരേയും തഴഞ്ഞുവെന്നാണ് യൂനിയന്റെ പരാതി. കഴിഞ്ഞവർഷത്തെ ഓൺലൈൻ സ്ഥലംമാറ്റത്തിൽ വയനാട്ടിലേക്ക് പ്രമോഷനായി നിയമിക്കപ്പെട്ട വില്ലേജ് ഓഫിസർമാർ അവരവരുടെ ജില്ലകളിലേക്ക് ഈ വർഷം മാറ്റപ്പെട്ടു.
കൂടാതെ വില്ലേജ് ഓഫിസർമാരുടെ വിരമിക്കൽ, ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം എന്നിവ വഴി നിരവധി ഒഴിവുകൾ ഉണ്ടാവുകയും ചെയ്തു. കണിയാമ്പറ്റ, മുട്ടിൽ നോർത്ത്, മുട്ടിൽ സൗത്ത്, അച്ചൂരാനം, പടിഞ്ഞാറത്തറ, നടവയൽ, കാവുമന്ദം, കോട്ടപ്പടി തുടങ്ങിയ വില്ലേജുകളിൽ ഓഫിസർമാർ ഇല്ലാത്ത അവസ്ഥ ഉണ്ടായപ്പോഴാണ് ജില്ല കലക്ടർ വൈകിയാണെങ്കിലും പ്രമോഷനായവർക്ക് നിയമന ഉത്തരവ് നൽകിയത്.
എന്നാൽ, ജൂലൈ 17ന് ഇറങ്ങിയ ഉത്തരവ് പ്രകാരം പലരോടും ജോലിയിൽ പ്രവേശിക്കേണ്ടതെന്ന് പിന്നീട് നിർദേശം നൽകുകയും ചിലരുടെ നിയമന കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തതായാണ് വിവരം. ഭേദഗതി ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങാനാണ് സാധ്യത. അതേസമയം, കാലവർഷം ശക്തമാകുന്ന ഘട്ടത്തിൽ വില്ലേജ് ഓഫിസുകളിൽ ഓഫിസർമാർ ഉൾപ്പെടെ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്ത സാഹചര്യമാണ് വയനാട്ടിലുള്ളത്.
ഉദ്യോഗക്കയറ്റത്തിന് നിർബന്ധിത വില്ലേജ് സേവനം സർക്കാർ ഉത്തരവിലൂടെ ഉറപ്പാക്കിയിട്ടും പല വില്ലേജുകളിലെയും സ്പെഷൽ വില്ലേജ് ഓഫിസർമാരെ താലൂക്ക് ഓഫിസുകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ തഹസിൽദാർമാർ ദീർഘനാളായി നിയമ വിരുദ്ധമായി ജോലിയിൽ നിയമിച്ചിരിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.
സർവിസിൽ പ്രവേശിച്ച നാൾ മുതൽ കലക്ടറേറ്റിൽ മാത്രം ജോലിചെയ്ത ജീവനക്കാരന് വില്ലേജ് ഓഫിസറായി പ്രമോഷൻ ലഭിച്ചപ്പോഴും ജോലി ക്രമീകരണ വ്യവസ്ഥയിൽ കലക്ടറേറ്റിൽ തുടരുന്നതിന് നടത്തുന്ന നടപടി ക്രമങ്ങളും വിവാദമായിട്ടുണ്ട്. അച്ചടക്ക നടപടി തുടരുന്നവരെ ജനസമ്പർക്കമുള്ള ഓഫിസുകളിൽ നിയമിക്കാൻ പാടില്ലെന്ന കമീഷണറുടെ ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെ അത്തരം ജീവനക്കാരെ വില്ലേജ് ഓഫിസുകളിൽ നിയമിച്ചതും പരാതിക്കിടയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.