ഡിജിറ്റൽ റീ സർവേ പദ്ധതി; താൽക്കാലിക ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളമില്ല
text_fieldsഉരുൾ പ്രദേശങ്ങളിലും സർവേ നടത്തിയത് ‘എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ പദ്ധതിയിലെ താൽക്കാലിക ജീവനക്കാരാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ഭൂമി, പുനരധിവാസത്തിനായുള്ള കൽപറ്റ എൽസ്റ്റൺ-നെടുമ്പാല എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. ഇവർ ഉൾപ്പെടുന്ന സംഘം ദിവസങ്ങളോളം സർവേ നടത്തിയാണ് ജോൺ മത്തായി കമ്മിറ്റിക്കുവേണ്ട സ്ഥല അതിർത്തി നിർണയമടക്കം നടത്തിയത്
കൽപറ്റ: സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ പദ്ധതി സർക്കാർ ആഘോഷപൂർവം നടത്തുമ്പോഴും പദ്ധതിക്ക് കീഴിലെ താൽക്കാലിക ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളമില്ല. സ്വകാര്യ വ്യക്തികളുടേതടക്കം കേരളത്തിലെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്തി സമഗ്ര ഭൂരേഖ തയാറാക്കാനുള്ളതാണ് ‘എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ പദ്ധതി.
സർവേയർമാർ, ഹെൽപർമാർ എന്നിങ്ങനെ, നിലവിൽ 15 ക്യാമ്പ് ഓഫിസുകളിലായി ആകെ160ഓളം താൽക്കാലിക ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് വയനാട്ടിൽ പ്രവർത്തിക്കുന്നത്. ഇതിൽ അധികവും വനിത ജീവനക്കാരാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയിൽ നേരിട്ടെത്തി സർവേ നടത്തേണ്ടവരാണ് ഇവർ. ഫെബ്രുവരി മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭ്യമാകാനുള്ളത്.
വിഷു ദിനത്തിൽപോലും ശമ്പളം കിട്ടാതെ ദുരിതത്തിലാകുമെന്ന ആശങ്കയുമുണ്ട്. വയനാട്ടിൽ ആകെയുള്ള 48 വില്ലേജുകളിൽ 17 പ്രദേശങ്ങളിലാണ് നിലവിൽ ഡിജിറ്റൽ റീസർവേ നടക്കുന്നത്.
ആദ്യഘട്ടത്തിൽ എട്ടു വില്ലേജുകൾ, രണ്ടാം ഘട്ടത്തിൽ ഏഴ്, മൂന്നാം ഘട്ടത്തിൽ ആറ് എന്നിങ്ങനെയാണ് സർവേ നടക്കുന്നത്. ആദ്യഘട്ടത്തിലുള്ള നല്ലൂർനാട്, മാനന്തവാടി വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയായി. ഒരു ക്യാമ്പിൽ ക്യാമ്പ് ഓഫിസർ, എട്ട് സർവേയർമാർ, പത്ത് ഹെൽപർമാർ എന്നിങ്ങനെയാണുള്ളത്. ഐ.ടി.ഐ, ബി.ടെക്, പോളിടെക്നിക് എന്നീ യോഗ്യതയുള്ളവരാണ് സർവേയർമാർ. സർവേയർക്ക് 25000 രൂപയും ഹെൽപർക്ക് 18000 രൂപയുമാണ് ശമ്പളം. മാസത്തിൽ ഒരു കാഷ്വൽ ലീവ് ഉണ്ടാകും.
അല്ലാതെ എടുക്കുന്ന അവധിക്ക് ശമ്പളത്തിൽനിന്ന് കുറക്കും. രണ്ടു വർഷത്തോളമായി ഇവർ വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ശമ്പളം മുടങ്ങിയതോടെ ദൈനംദിന ചെലവുകൾക്കും ബുദ്ധിമുട്ടുകയാണ്. വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാൽ കടം വാങ്ങിയാണ് വനിത ജീവനക്കാരടക്കം നിലവിൽ ജോലിക്കെത്തുന്നത്.
എന്നാൽ ഇവരോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കാനും മേലധികാരികൾ തയാറാകുന്നില്ല. അച്ചൂരാനം, കൃഷ്ണഗിരി, തൊണ്ടർനാട്, പേര്യ, തവിഞ്ഞാൽ തുടങ്ങിയ ക്യാമ്പ് ഓഫിസർമാർ താൽക്കാലിക ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾപോലും അംഗീകരിക്കാതെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുകയാണെന്ന ആരോപണവും ശക്തമാണ്. കരാർ ജീവനക്കാരായതിനാൽ ഇവർക്ക് പ്രതിഷേധിക്കാനുള്ള അവസരവുമില്ല. ജീവനക്കാർ സംഘടിക്കരുതെന്ന വ്യവസ്ഥ ഇവരുടെ കരാർ നിയമന രേഖകളിലുണ്ട്.
ഇതിനാൽ ശമ്പളമില്ലെങ്കിലും ജോലി ചെയ്യണമെന്നും ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയും ചില മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ട്. സർവേ ജീവനക്കാരെ ഫീൽഡിലെത്തിക്കാനുള്ള വാഹനത്തിനും ബന്ധപ്പെട്ട ജീവനക്കാർക്കുമുള്ള വേതനവും മുടങ്ങിയിട്ടുണ്ട്.
സർവേ വകുപ്പിലെ അസി. ഡയറക്ടർ, സർവേ സൂപ്രണ്ടുമാർ എന്നിവരാണ് താൽക്കാലിക ജീവനക്കാരുടെ ശമ്പളക്കാര്യങ്ങൾ ചെയ്യേണ്ടത്. എന്നാൽ തിരുവനന്തപുരത്തുനിന്ന് പണം അനുവദിച്ചു കിട്ടുന്നില്ല എന്ന മറുപടിയാണ് ഇവർ നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.