കൽപറ്റ നഗരത്തിൽ അപകടക്കെണിയൊരുക്കി ട്രാൻസ്ഫോർമർ
text_fieldsആനപ്പാലം ജങ്ഷനിൽ നടപ്പാതക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന
ട്രാൻസ്ഫോർമർ
കൽപറ്റ: ദേശീയപാതയിൽ കൽപറ്റ നഗരത്തിലെ ആനപ്പാലം ജങ്ഷനിൽ ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. നിലവിൽ നടപ്പാതക്കുവേണ്ടി ഇവിടെ പാറ പൊട്ടിക്കൽ ഉൾപ്പെടെ നിർമാണ പ്രവൃത്തികൾ നടത്തുന്നുണ്ട്. എന്നാൽ, നിർമിക്കാനുദ്ദേശിക്കുന്ന നടപ്പാതയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതു കാരണം നടപ്പാതയുടെ മധ്യത്തിലുള്ള ട്രാൻസ്ഫോർമർ ഏതു സമയത്തും അപകടത്തിന് കാരണമാകുമെന്നാണ് കച്ചവടക്കാർ ഉൾപ്പടെയുള്ളവർ പറയുന്നത്.
നിരവധി കാൽനട യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. ട്രാൻസ്ഫോർമർ കാരണം റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് തിരക്കുള്ള ദേശീയ പാതിയിൽ അപകടമുണ്ടാകാൻ ഇടയാക്കുന്നു. അല്ലാത്തപക്ഷം ട്രാൻസ്ഫോർമറിന്റെ അടിയിലൂടെ തല താഴ്ത്തി വേണം മറുവശത്തേക്കു കടക്കാൻ. നടപ്പാതയുടെ നടുവിലുള്ള ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ഗൂഡലായി ഭാഗത്ത് പുനർ നിർമിക്കുന്ന ഡ്രെയിനേജിന്റെ നിർമാണ പ്രവൃത്തിയിൽ അപാകതയുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ദേശീയപാത സർവേ വിഭാഗം നടത്തിയ പരിശോധനയിലാണ് അളവിൽ അപാകത കണ്ടെത്തിത്. നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഡ്രെയിനേജിന്റെ പുനർനിർമാണം.
സിന്ദൂർ ടെക്സ്റ്റൈൽസ് മുതൽ ഗൂഡലായി ജങ്ഷൻ വരെയുള്ള ഭാഗത്തെ ഡ്രെയിനേജാണ് പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നത്. ഒരുമാസം മുമ്പ് പണി ആരംഭിച്ച പ്രവൃത്തി പകുതിയായി. ബാക്കിവരുന്ന ഭാഗത്ത് അളവുകളിൽ വ്യത്യാസമുള്ളതായി ആരോപണം ഉയർന്നതിനെതുടർന്ന് ഡി.വൈ.എഫ്.ഐ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് നഗരസഭ ചെയർമാന്റെ സാന്നിധ്യത്തിൽ ദേശീയപാത സർവേ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയും അപാകത കണ്ടെത്തുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.