റവന്യൂ വകുപ്പിലെ 23 ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ റവന്യൂ വകുപ്പിലെ 23 ജീവനക്കാർക്കെതിരെ വിജിലൻസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പയ്യമ്പള്ളി വില്ലേജ് ഓഫിസർ കെ.ടി. ജോസ് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായതിന് ശേഷമാണ് ജില്ലയിലെ 23 റവന്യൂ ജീവനക്കാർ വിജിലൻസ് നിരീക്ഷണത്തിലായത്. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സർവിസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സീനിയർ ക്ലർക്ക്/സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയിൽ മറ്റ് മിക്ക ജില്ലകളിലും ഓൺലൈൻ സ്ഥലംമാറ്റത്തിന്റെ ഭാഗമായുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടും വയനാട് ജില്ലയിൽ ഇതുവരെ ഉത്തരവിറക്കാൻ സാധിച്ചിട്ടില്ല.
അപേക്ഷപ്രകാരം ജില്ലയിലേക്ക് സ്ഥലംമാറി വന്നവർ ഉൾപ്പെടെ 74 ജീവനക്കാരെ വ്യത്യസ്ത ഓഫിസുകളിലേക്ക് നിയമിച്ചും സ്ഥലംമാറ്റിയും പട്ടിക തയാറാക്കിയെങ്കിലും വിജിലൻസ് നിരീക്ഷണത്തിലുള്ളവർ ഇതിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഉത്തരവ് പുറത്തിറക്കാൻ സാധിച്ചിട്ടില്ല. മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലംമാറ്റങ്ങളിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്ന ഭരണകക്ഷി സർവിസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗത്തിനെ താലൂക്ക് ഓഫിസിൽനിന്ന് ജനസമ്പർക്കമുള്ള ഓഫിസിലേക്ക് മാറ്റാൻ പാടില്ലെന്ന് വിജിലൻസ് റിപ്പോർട്ടുണ്ട്.
മാനന്തവാടി താലൂക്കിലെ ഭരണകക്ഷി സർവിസ് സംഘടനയുടെ നാല് ഭാരവാഹികളും സുൽത്താൻബത്തേരി താലൂക്കിലെ മൂന്നുപേരും വൈത്തിരി താലൂക്കിലെ അഞ്ചുപേരും ആരോപണ വിധേയരാണ്. 17 വർഷത്തിലധികമായി മാനന്തവാടി വില്ലേജ് ഓഫിസിൽ മാത്രം ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ എന്തുകൊണ്ടാണ് ദീർഘനാളായി ഒരേ വില്ലേജ് ഓഫിസിൽ ജോലി ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. സുൽത്താൻബത്തേരി നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട രണ്ടു വില്ലേജ് ഓഫിസുകളിൽ മാത്രമായി പരസ്പരം മാറിക്കൊണ്ട് കഴിഞ്ഞ ഒമ്പത് വർഷമായി ജോലിചെയ്യുന്ന ഭരണകക്ഷി സർവിസ് സംഘടന നേതാവും സംശയത്തിന്റെ നിഴലിലാണ്.
ഏതാനും മാസങ്ങൾക്കിടെ വയനാട് ജില്ലയിൽ രണ്ട് വില്ലേജ് ഓഫിസർമാരാണ് കൈക്കൂലി കേസിൽ വിജിലൻസിന്റ പിടിയിലായത്. വില്ലേജ് ഓഫിസുകളുടെയും ഓഫിസർമാരുടെയും എണ്ണം താരതമ്യം ചെയ്താൽ കൈക്കൂലി കേസിൽ പിടിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണത്തിൽ സംസ്ഥാന ശരാശരിയിൽ വയനാട് ജില്ല ഒന്നാമതാണ്. ഭരണകക്ഷി സർവിസ് സംഘടനയിലെ ചില നേതാക്കൾ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെ സംഘടനയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയുടെ രണ്ടു സർവിസ് സംഘടനകളും പരസ്പരം പോരടിക്കുന്നത് ജില്ലയിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
റവന്യൂ ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ പ്രധാനപ്പെട്ട ഒരു സീറ്റ് നേരത്തേ എൻ.ജി.ഒ യൂനിയനായിരുന്നു. എന്നാൽ, ആ സീറ്റിലുണ്ടായിരുന്ന എൻ.ജി.ഒ യൂനിയൻ ഭാരവാഹിക്കെതിരെ ആരോപണമുയർന്നതിനെ തുടർന്ന് ആ സീറ്റും ജോ. കൗൺസിൽ അംഗത്തിന് നൽകാനാണ് ഇപ്പോഴത്തെ നീക്കം.
ഓപറേഷൻ സെക്വർ ലാൻഡ്: ജില്ലയിലും പണം പിടികൂടി
മാനന്തവാടി: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 72 സബ് രജിസ്ട്രാർ ഓഫിസുകളിൽ ഓപറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജില്ലയിൽനിന്ന് പണം പിടികൂടി. പണമിടപാടുകൾ നടത്തിയതും കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മുതലാണ് പരിശോധന ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ച വരെ പരിശോധന നീണ്ടു.
മാനന്തവാടി സബ് രജിസ്ട്രാർ ഓഫിസിലെ ഒരു ഏജന്റിൽനിന്ന് 11,135 രൂപ പിടികൂടി. ഒരു ഉദ്യോഗസ്ഥൻ ഏജന്റിൽനിന്ന് ഗൂഗ്ൾ പേ വഴി 1410 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ ആധാരം എഴുത്തുകാരനിൽനിന്ന് പലതവണയായി ഗൂഗ്ൾ പേ വഴി 3,37,300 രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കൽപറ്റ സബ് രജിസ്ട്രാർ ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ ആധാരം എഴുത്തുകാരനിൽനിന്ന് 1250 രൂപ ഗൂഗ്ൾ പേ വഴി സ്വീകരിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.