വീണ്ടും ചർച്ചയായി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ജലപദ്ധതികൾ
text_fieldsകൽപറ്റ: ഏറെ പ്രതിഷേധമുയർന്ന ജില്ലയിലെ രണ്ട് ജലസേചന പദ്ധതികൾക്ക് ഡി.പി.ആർ തയാറാക്കുന്നതിന് ഭരണാനുമതി ലഭിച്ചതോടെ പദ്ധതി വീണ്ടും ചർച്ചയാകുന്നു. കടമാൻ തോട്, തൊണ്ടാർ ജലപദ്ധതികൾ യാഥാർഥ്യമായാൽ നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെയാണ് പദ്ധതിക്കാവശ്യമായ ഡി.പി.ആർ തയാറാക്കുന്നതിനാവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
കടമാൻ ജലസേചന പദ്ധതി യാഥാർഥ്യമായാൽ പുൽപള്ളി ടൗണിനോട് ചേർന്ന നിരവധി കുടുംബങ്ങൾ വഴിയാധാരാമാകും. ടൗണിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാരാപ്പുഴ ജലസേചന പദ്ധതിയെതുടർന്ന് അവിടെനിന്ന് കുടിയിറങ്ങേണ്ടിവന്ന നിരവധി കുടുംബങ്ങൾ ഇപ്പോൾ പുൽപള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ട്. കടമാൻതോട് പദ്ധതി യാഥാർഥ്യമായാൽ തങ്ങൾ വീണ്ടും കുടുയൊഴിയേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവർ. കടമാൻതോട് പദ്ധതിയിൽ 500ഓളം കുടുംബങ്ങൾ കുടുയൊഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വർഷങ്ങൾക്കുമുമ്പ് കാരാപ്പുഴ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞവരിൽ പലർക്കും ഇപ്പോഴും നഷ്ടപരിഹാരം പൂർണമായും ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്. നേരത്തേ പദ്ധതിയുമായി ബന്ധപ്പെട്ട് സർവേകളും മറ്റും നടന്ന സമയത്ത് വലിയ പ്രതിഷേധങ്ങൾ പ്രദേശവാസികൾ ഉയർത്തിയിരുന്നു. സർവേ ഉദ്യോഗസ്ഥരെ ഉൾപ്പെടെ തടഞ്ഞു. പുല്പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണ നിര്‍മിച്ച് സംഭരിക്കുന്ന ജലം 1,940 ഹെക്ടറില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
കബനിയിലൂടെ കര്‍ണാടകയിലേക്ക് പ്രവഹിക്കുന്നതില്‍ 0.697 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്തുകയാണ് കടമാന്‍തോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് 1.53 ടി.എം.സി ജലം ഉപയോഗിക്കാന്‍ കാവേരി ട്രൈബ്യൂണലിന്റെ അനുമതിയുണ്ട്. എടവക പഞ്ചായത്തിലെ മൂളിത്തോട് കേന്ദ്രമായ തൊണ്ടാർ ഡാം പദ്ധതിക്കെതിരെ നേരത്തേതന്നെ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിവെള്ള, കാർഷികാവശ്യങ്ങൾക്ക് ജലത്തിന്റെ ദൗർലഭ്യം കാര്യമായി ബാധിക്കാത്ത ഒരു പ്രദേശത്ത് നൂറുകണക്കിനാളുകളെ കുടിയൊഴിപ്പിച്ച് ജലസേചന പദ്ധതി കൊണ്ടുവരുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ഇവരുടെ ആരോപണം. 0.3 ടി.എം.സി ജല ഉപയോഗമാണ് തൊണ്ടാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, രണ്ടു പദ്ധതികളും യാഥാർഥ്യമാക്കണമെന്ന് ചെറിയൊരു വിഭാഗവും വാദിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ പദ്ധതി നടപ്പിലാക്കൂ എന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നുണ്ടെങ്കിലും പദ്ധതി കൊണ്ടുവരുന്നതിനുള്ള അണിയറ നീക്കങ്ങൾ സജീവമാണെന്നാണ് ഡി.പി.ആർ തയാറാക്കുന്നതിന് ഭരണാനുമതി നൽകിയത് ഉൾപ്പടെയുള്ള നീക്കങ്ങളിൽനിന്ന് മനസ്സിലാവുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭരണകക്ഷി നേതാക്കൾ പലരും പദ്ധതിക്ക് അനുകൂലമാണന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമ്മര്‍ദത്തെത്തുടര്‍ന്ന് ജലവിഭവ വകുപ്പ് മരവിപ്പിച്ചുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു പദ്ധതികള്‍ക്കും ഡി.പി.ആര് തയാറാക്കുന്നതിന് ഭരണാനുമതിയായത്.
ലക്ഷ്യം കബനിയിലെ ജലം ഉപയോഗപ്പെടുത്തൽ
കബനി സബ് ബേസിനില്‍നിന്ന് കേരളത്തിനനുവദിച്ച 21 ടി.എം.സി വെള്ളത്തില്‍ 12 ടി.എം.സി ഉപയോഗപ്പെടുത്തുന്നതിന് ജലവിഭവ വകുപ്പ് ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടതാണ് രണ്ടു പദ്ധതികളും. നൂല്‍പ്പുഴ, ചുണ്ടാലി, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, പെരിങ്ങോട്ടുപുഴ എന്നിവയും കബനി ബേസിനില്‍ പരിഗണിച്ച പദ്ധതികളായിരുന്നു. 1990ല്‍ രൂപവത്കരിച്ച കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണലിന്റെ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തില്‍ 21 ടി.എം.സി വയനാടിന് അവകാശപ്പെട്ടതാണ്.
ഇതില്‍ ഏകദേശം ഒമ്പത് ടി.എം.സി വെള്ളമാണ് ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളിലടക്കം ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം കര്‍ണാടകയിലേക്ക് ഒഴുകുകയാണ്. കാരാപ്പുഴ അണക്കെട്ടിന്റെ സംഭരണശേഷി 2.78, ബാണാസുര സാഗറിന്റേത് 6.7 ടി.എം.സിയുമാണ്. കബനി ജലത്തില്‍ 21 ടി.എം.സി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിനു നല്കിയ അനുമതിക്ക് 2034 ഫെബ്രുവരി വരെയാണ് കാലാവധി.
രണ്ടു ജലപദ്ധതികൾക്ക് ഡി.പി.ആർ തയാറാക്കുന്നതിന് ഭരണാനുമതി
പുൽപള്ളി: ജില്ലയിലെ കടമാൻതോട്, തൊണ്ടാർ ജല പദ്ധതികൾക്ക് ഭരണാനുമതിയായി. ഡി.പി.ആർ തയാറാക്കുന്നതിന് 2.34 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പുൽപള്ളി പഞ്ചായത്തിലെ ആനപ്പാറ കേന്ദ്രീകരിച്ചാണ് കടമാൻതോട് പദ്ധതി. എടവക പഞ്ചായത്തിലാണ് തൊണ്ടർ പദ്ധതി. ജലവിഭവ വകുപ്പാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
കേന്ദ്ര ജല കമീഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ഡി.പി.ആർ തയാറാക്കേണ്ടത്. കടമാൻതോട് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിന് കടമാൻതോട് പദ്ധതിക്ക് 2,52,00000 രൂപയുടെയും തൊണ്ടാർ പദ്ധതിക്ക് 2,63,00000 രൂപയുടെയും എസ്റ്റിമേറ്റ് സമർപ്പിച്ചതായി ചീഫ് എൻജിനീയറുടെ കത്തിൽ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതിയോടെ പഠനവും നടക്കണം. ഡി.പി.ആർ തയാറാക്കുന്നതിന് അംഗീകൃത ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിക്കണം. തുടർ നടപടികൾ സ്വീകരിക്കാൻ എൻജിനീയർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.