വഴിയാധാരമാകുമോ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ
text_fieldsടൗൺഷിപ്പിനുള്ള കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പ്രതിഷേധവുമായെത്തിയ തൊഴിലാളികൾ
സി.പി.എം നേതാവ് സി.കെ. ശശീന്ദ്രനുമായി സംസാരിക്കുന്നു
കൽപറ്റ: ഉരുൾപുനരധിവാസത്തിനായുള്ള ടൗൺഷിപ് വരുന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമി സർക്കാറിന് ഏറ്റെടുക്കാമെന്ന ഹൈകോടതി വിധി വന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാത്രി തന്നെ സർക്കാർ ഭൂമി ഏറ്റെടുത്തുവെന്ന് കാണിച്ച് ജില്ല കലക്ടർ ഭൂമിയിൽ ബോർഡും സ്ഥാപിച്ചു. ഇതോടെ ഭൂമി സർക്കാറിന്റേതായി. എസ്റ്റേറ്റിലെ 160ഓളം വരുന്ന തൊഴിലാളികളുടെ കാര്യത്തിൽ ഇനി ആർക്കാണ് ഉത്തരവാദത്തമെന്നതാണ് അവശേഷിക്കുന്ന ചോദ്യം. സർക്കാർ ഭൂമി ഏറ്റെടുത്തതോടെ ഉടമയായ എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റ് ഫലത്തിൽ പുറത്തായി. നേരത്തേ നടന്ന ചർച്ചയിൽ മാനേജ്മെന്റിന് സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരത്തിൽനിന്ന് തൊഴിലാളികളുടെ കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ നൽകുമെന്നായിരുന്നു ധാരണ.
ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ് പദ്ധതി പ്രദേശമായ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തേയിലച്ചെടികൾ പിഴുതുമാറ്റുന്നു
എന്നാൽ, നഷ്ടപരിഹാരം പോരെന്ന് കാണിച്ച് ഉടമ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ തൊഴിലാളികൾ കൂടുതൽ ആശങ്കയിലായി. കൽപറ്റ നഗരത്തോട് ചേർന്ന ബൈപാസിലെ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമിക്കുക. ഈ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച 26.5 കോടി രൂപ അപര്യാപ്തമാണെന്നും വിപണി മൂല്യമനുസരിച്ച് 549 കോടി രൂപ നൽകണമെന്നും കാണിച്ച് മാനേജ്മെന്റ് നൽകിയ ഹരജിയിലാണ് വെള്ളിയാഴ്ച ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും ഭൂമി സർക്കാർ ഏറ്റെടുത്തതും. നേരത്തേയുള്ള തുകക്ക് പുറമേ 17 കോടി രൂപ നൽകണമെന്നും ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നുമായിരുന്നു ഉത്തരവ്.
എന്നാൽ, എസ്റ്റേറ്റിലെ തേയിലച്ചെടികൾക്ക് 82 കോടി രൂപയും ഫാക്ടറി കെട്ടിടങ്ങൾക്ക് 20 കോടിയും മൂല്യം വരുമെന്നും ക്വാർട്ടേഴ്സ് ഉൾപ്പെടെ കെട്ടിടങ്ങൾ ഉണ്ടെന്നും വിപണിമൂല്യം അനുസരിച്ചുള്ള 549 കോടി രൂപ വേണമെന്നും ആവശ്യപ്പട്ടാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. റവന്യൂ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുമൂലം ഭൂമിയുടെ വിപണി വില ഏറെ താഴ്ത്തിയാണ് കണക്കാക്കിയതെന്ന ആരോപണവും ശക്തമാണ്. കൽപറ്റ നഗരത്തിനോട് ചേർന്ന കണ്ണായ സ്ഥലത്താണ് ടൗൺഷിപ് ഭൂമിയുള്ളത്.
‘നിങ്ങൾ മാനേജ്മെന്റിനോട് ചോദിക്ക്’ മാനേജ്മെന്റിന് സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നായിരുന്നു ശനിയാഴ്ച പദ്ധതി പ്രദേശത്ത് എത്തിയ സി.പി.എം നേതാവ് സി.കെ. ശശീന്ദ്രൻ തൊഴിലാളികളോട് പറഞ്ഞത്. ഇതോടെ ശശീന്ദ്രനും തൊഴിലാളികളും തമ്മിൽ വാക്കുതർക്കമുണ്ടായി. തങ്ങൾ പുനരധിവാസത്തിന് എതിരല്ലെന്നും എന്നാൽ തങ്ങളുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകണമെന്നുമാണ് തൊഴിലാളികളുടെ നിലപാട്.
എസ്റ്റേറ്റിലെ 160 തൊഴിലാളികൾക്ക് നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പി.എഫ് കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റിവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങിയവ എസ്റ്റേറ്റ് മാനേജ്മെന്റ് നൽകാനുണ്ട്.
ഭൂമി അതിരുകൾ തിരിച്ച് സർവേ ടീം
കൽപറ്റ: ടൗൺഷിപ്പിനായുള്ള എൽസ്റ്റൺ എസ്റ്റേറ്റിന്റെ അതിരുകൾ അളന്നുതിരിച്ചത് 27 അംഗ സർവേ ടീം. വനിതകളടക്കമുള്ള സർവേയർമാരും ഹെൽപർമാരുമാണ് ശനിയാഴ്ച രാവിലെ തന്നെ അളക്കൽ നടപടികൾ തുടങ്ങിയത്. താൽകാലിക ജീവനക്കാരായ ഇവരുടെ ശമ്പളം രണ്ടുമാസമായി മുടങ്ങിയിട്ട്.
ടൗൺഷിപ് ഭൂമിയുടെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തുന്ന സർവേ ടീം
എന്നാൽ, അവധി ദിവസത്തിലും ഇവർ ജോലിക്ക് ഹാജരാകുകയായിരുന്നു. വയനാട് സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഹെഡ് സർവേയർ പ്രബിൻ സി പവിത്രന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തിയത്. ശനിയാഴ്ച ആരംഭിച്ച സർവേ നടപടി ഞായറാഴ്ച പൂർത്തിയാവുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു അറിയിച്ചു.
തൊഴിലാളികളുടെ ആനുകൂല്യം: ഉറപ്പുപാലിക്കണം -ഐ.എൻ.ടി.യു.സി
കൽപറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായുള്ള എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യുമെന്ന ഉറപ്പ് പാലിക്കണമെന്ന് ഐ.എൻ.ടി.യു.സി. ചർച്ചയിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളോടും തൊഴിലാളികളോടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാി ഭരണകൂടപ്രതിനിധികളും നൽകിയ ഉറപ്പുകൾ പാലിക്കാതെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇത് പ്രതിഷേധാർഹമാണ്. താൽക്കാലികമായ വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രിക്ക് വന്ന് ടൗൺഷിപ്പിന് തറക്കല്ലിട്ട് പോകാൻ സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ടൗൺഷിപ്പിനുള്ള എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തുവെന്ന് കാണിച്ച് ജില്ല കലക്ടർ സ്ഥാപിച്ച ബോർഡ്
ഭൂമിയുടെ കാര്യത്തിൽ സർക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിനു പോലും ഇതുവരെ തീരുമാനമായില്ല. തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ മാനേജ്മെന്റ് വിതരണം ചെയ്യണമെന്ന് സർക്കാരും അങ്ങനെ വേണമെങ്കിൽ ഭൂമിയുടെ തുക അനുവദിക്കണമെന്ന് മാനേജ്മെന്റും പറയുകയാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് പി.പി. ആലി അധ്യക്ഷതവഹിച്ചു. ബി. സുരേഷ് ബാബു, എൻ. വേണുഗോപാൽ, സി. ജയപ്രസാദ്, ഗിരീഷ് കൽപറ്റ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, പി. ജയകൃഷ്ണൻ, കെ. സുരേഷ്, മോഹനൻ പുൽപ്പാറ, മുഹമ്മദ് ബാവ പെരുന്തട്ട, സുബ്രഹ്മണ്യൻ നടുപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.