കാട്ടിക്കുളം-പനവല്ലി റോഡിൽ കാട്ടാന ഭീതി
text_fieldsകാട്ടിക്കുളം-പനവല്ലി റോഡിൽ ഇറങ്ങിയ കാട്ടാന റോഡരികിലെ സ്കൂട്ടർ കുത്തിമറിക്കുന്നു
കാട്ടിക്കുളം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പടർത്തി. ബുധനാഴ്ച രാവിലെ 11ഓടെയാണ് കാട്ടിക്കുളം-പനവല്ലി റോഡിലെ കപ്പിക്കണ്ടിയിൽ കാട്ടാനയിറങ്ങിയത്. റോഡിൽനിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ ആനയുടെ സാന്നിധ്യം മനസ്സിലാക്കിയതിനെതുടർന്ന് റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കാപ്പിത്തോട്ടത്തിലെ ഫെൻസിങ് തകർത്ത ആന റോഡിലേക്ക് ഊർന്നിറങ്ങി റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കുത്തിമറിച്ചിട്ടു. സമീപത്തുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെതുടർന്നാണ് ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയത്.
ഇതുവഴി വന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നിലകപ്പെട്ടു. സജേഷിനു തൊട്ടടുത്ത് ആനയെത്തിയെങ്കിലും പിന്മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിയിച്ചതിനെതുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ആനയെ റസൽ കുന്നിലെ വനത്തിലേക്ക് തുരത്തി.
ഭീതി പടർത്തിയ കൊമ്പൻ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തുണ്ടെന്നും സ്ഥിരം ശല്യക്കാരനാണെന്നും പ്രദേശവാസികൾ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ആന ഇറങ്ങാതിരിക്കാൻ വനപാലകരുടെ കാവൽ ഏർപ്പെടുത്തു മെന്നും കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയാൽ വിവരം അറിയിക്കണമെന്നും വനപാലകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.