കൊളവള്ളി ഹെലിപാഡ്; പ്രാരംഭ പ്രവർത്തനം തുടങ്ങി
text_fieldsപുൽപളളി: കൊളവള്ളിയിൽ ഹെലിപാഡ് നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ച് ഹെലിപാഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. പ്രകൃതി ദുരന്തമുണ്ടായാൽ ജില്ല ഒറ്റപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഹെലിപാഡുകൾ നിർമിക്കുന്നത്. അഞ്ചിടങ്ങളിലായുള്ള പ്രവൃത്തിക്ക് ഒൻപത് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
വയനാട്ടിൽ കാലവർഷത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സ്ഥിരം ഷെൽട്ടറുകളും ഇതോടൊപ്പം നിർമിക്കും. റവന്യു വകുപ്പിന്റെ കൈവശമുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി, ബത്തേരി സെന്റ് മേരീസ് കോളജിനോട് ചേർന്നുള്ള ഭൂമി, മാനന്തവാടി തവിഞ്ഞാൽ മുനീശ്വരൻ കുന്ന്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്റെയും ഭൂമിയിലാണ് ഹെലിപാഡുകൾ നിർമിക്കുക.
ദുരന്ത സമയങ്ങളിൽ റോഡ് ഗതാഗതം മുടങ്ങിയാലും രക്ഷാപ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് ഹെലിപാഡ് നിർമിക്കുന്നത്. നിലവിൽ ബത്തേരിയിലും കൽപറ്റയിലുമാണ് ഹെലിപാഡുകൾ ഉള്ളത്. ഓരോ കേന്ദ്രങ്ങളിലും 65 മുതൽ 75 ഏക്കർ വരെ സ്ഥലലമാണ് ഹെലിപാഡിന് ഉപയോഗിക്കുക. എല്ലായിടങ്ങളിലും സ്ഥലം നിശ്ചയിക്കുകയും ജിയോ ടാഗ് ചെയ്യുന്ന പ്രവൃത്തികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.കൊളവള്ളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് സർവേ നടന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഹെലിപാഡിന് പുറമെ സ്ഥിരം ഷെൽട്ടറുകൾക്കായി മൂന്നരകോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.