കണിയാരം അണക്കെട്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു
text_fieldsകണിയാരം അണക്കെട്ട്
മാനന്തവാടി: നഗരസഭ പരിധിയിലെ കണിയാരം അണക്കെട്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്. ഒരു ഏക്കറിലധികം സ്ഥലത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ട് സഞ്ചാരികളുടെ മനം കവരും. ചെറുകിട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അണക്കെട്ട് കൂടുതല്‍ നവീകരിച്ചാല്‍ വിനോദ സഞ്ചാരമേഖലക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
കണിയാരം ടൗണില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. ഇവിടെയുള്ള 30 ഏക്കറോളം സ്ഥലം പദ്ധതിക്കായി വിനിയോഗിക്കാൻ കഴിയും. പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ അണക്കെട്ടിലെ ജലം കനാല്‍ വഴി എത്തിച്ചാണ് ഹെക്ടര്‍കണക്കിന് സ്ഥലത്ത് കൃഷി ചെയ്തുവരുന്നത്.
ഇറിഗേഷന്‍ വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഇതിന്റെ വശങ്ങളില് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. കൂടുതല്‍ നവീകരിച്ചാല്‍ കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, ബോട്ട്, കയാക്കിങ് എന്നിവ ആരംഭിക്കാന്‍ കഴിയും. അതോടൊപ്പം മികച്ച നീന്തല്‍ പരിശീലന കേന്ദ്രമൊരുക്കാനും കഴിയും. കണിയാരം അണക്കെട്ട് മികച്ച ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്കായി മന്ത്രി ഒ.ആര്. കേളു സര്‍ക്കാറില്‍ സമ്മർദം ചെലുത്തിയിട്ടുണ്ട്.
പ്രകൃതിഭംഗി ആവോളം ആസ്വാദിക്കാൻ കഴിയുന്ന നഗരസഭയിലെ പാലാക്കുളി ചെക്ക് ഡാമും ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാല്‍ പ്രദേശവാസികളുടെ തൊഴിലവസരം വർധിക്കാനും പ്രദേശത്തിന്റെ മുഖച്ഛായ മാറ്റാനും കഴിയും. പരമാവധി വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരണം നടക്കുമെന്ന പ്രതീക്ഷയിലാണ് കണിയാരം നിവാസികള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.