തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പ്; വകുപ്പുതല പരിശോധന തുടങ്ങി
text_fieldsതൊണ്ടർനാട് പഞ്ചായത്ത് കാര്യാലയം
മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടര കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വകുപ്പുതലത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശപ്രകാരം രൂപവത്കരിച്ച 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.
എന്‍.ആര്.ഇ.ജി ജില്ല ജോ. പ്രോഗ്രാം കോഓഡിനേറ്റര്‍ പി.സി. മജീദിന്റെ നേതൃത്വത്തിൽ സംഘം കഴിഞ്ഞ 2000-01 മുതൽ 2024-25 വരെയുള്ള അഞ്ചുവർഷത്തെ ഫയലുകളാണ് പരിശോധന വിധേയമാക്കുന്നത്.
അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാൽ 2020ന് മുമ്പുള്ള ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചേക്കും. എല്‍.എസ്.ജി.ഡിയിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ വി. അബ്ദുല്ല, മാനന്തവാടി ബി.പി.ഒ എ.ടി. സുധീർ കുമാർ, കൽപറ്റ ജോ. ബി.ഡി.ഒ ടി.എൻ. സുരേന്ദ്രൻ ഉൾപ്പെടെ മൂന്ന് ബ്ലോക്ക് എന്‍ജിനീയർമാർ, ജില്ല എന്‍ജിനീയര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, താൽക്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്ത് അഴിമതിക്കു പിന്നിൽ പ്രവർത്തിച്ച ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
വിജിലൻസ് അന്വേഷണം തുടങ്ങി
മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാറിന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട എസ്.എച്ച്.ഒമാർ, എസ്.ഐമാർ അടക്കമുള്ള 10 അംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തൊണ്ടർനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഫയൽ അന്വേഷണ സംഘം ഏറ്റെടുത്തു. തൊഴിലുറപ്പ് പദ്ധതിയിലെ താൽക്കാലിക ജീവനക്കാരായ അസി. എൻജിനീയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിഥിൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. എന്നാൽ, രണ്ട് ഓവർസിയർമാർ ആറ് കരാറുകാർ എന്നിവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. രണ്ട് ഓവർസിയർമാരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രീയ സമ്മർദത്തെതുടർന്ന് ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഇവർ ഉൾപ്പെടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.