വഴിയില്ല, വീടുമില്ല; ആദിവാസികൾ ജീവിതം തള്ളിനീക്കുന്നത് കുടിലിൽ
text_fieldsനിർമാണം പാതിവഴിയിലായ ശാരദയുടെ വീട്, തൊട്ടടുത്ത്
ഇപ്പോൾ താമസിക്കുന്ന ഷെഡ്
മാനന്തവാടി: വഴിയില്ലാത്തതിനാൽ വീട് ലഭിക്കാതെ ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾ കഴിയുന്നത് ഷീറ്റ് മേഞ്ഞ കുടിലിൽ. വയനാട്ടിൽ ഏറ്റവും അധികം ആദിവാസികൾ ജീവിക്കുന്ന തിരുനെല്ലിയിലെ ഏഴാം വാർഡ് മാപ്പിള കൊല്ലി കുറിച്യ ഉന്നതിയിലെ അഞ്ച് കുടുംബങ്ങളാണ് വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ അന്തിയുറങ്ങുന്നത്.
ഒരു ഭാഗത്ത് നിരന്തരം വന്യമൃഗശല്യവും മറുഭാഗത്ത് മഴക്കാലമായാൽ വെള്ളപ്പൊക്ക ഭീഷണിയിലുമാണ് ഈ കുടുംബങ്ങൾ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. കോളനിയിലെ എഴുപതുകാരിയായ ശാരദക്ക് മൂന്ന് വർഷം മുമ്പ് പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. എന്നാൽ, വീട് നിർമാണം ചുമരിലൊതുക്കാനേ കഴിഞ്ഞുള്ളൂ. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ നിർമാണ സാമഗ്രികൾ അര കി.മീ. ദൂരം തലച്ചുമടായാണ് എത്തിച്ചത്. ഒരു ചെങ്കല്ല് ചുമന്ന് വീട്ടിൽ എത്തിക്കണമെങ്കിൽ നൂറുരൂപ നൽകണമെന്ന് ശാരദ പറയുന്നു.
പഞ്ചായത്ത് അനുവദിച്ച തുക ഈ ഇനത്തിൽ തന്നെ ചെലവായി. പശുവളർത്തൽ കൊണ്ടുണ്ടായ വരുമാനത്തിൽനിന്ന് ഒരു ലക്ഷം രൂപയും ബാങ്കിൽനിന്ന് രണ്ട് ലക്ഷം രൂപ കൂടി കൂട്ടിയാണ് ചുമര് വരെ പണി തീർത്തത്. സഹോദരി ബിന്ദുവിന്റെ വീടിന്റെ നിർമാണവും പാതിവഴിയിലാണ്. 20 വർഷമായി ഇവരെ മാറ്റി പാർപ്പിക്കാൻ ശ്രമിച്ചുവരുകയാണെന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പറയുന്നത്.
എന്നാൽ, ആത്മാർഥമായ ശ്രമമില്ലെന്നാണ് ആരോപണം. കൂടാതെ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്ര നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം താമസക്കാർ നിരാകരിക്കുകയാണ്. അഞ്ച് കുടുംബങ്ങൾക്കായി എട്ട് ഏക്കറോളം ഭൂമിയുണ്ട്. ഓരോ കുടുംബത്തിനും ഒന്നര ഏക്കറോളം ഭൂമിയുണ്ട്. ഇതിനാണ് തുച്ഛമായ നഷ്ടപരിഹാരം നിശ്ചയിച്ചത്. അതിനിടെ, ഈ കുടുംബങ്ങളെ കുടിയിറക്കാനുള്ള അണിയറ നീക്കവും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

