മഞ്ഞ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം അവതാളത്തിൽ
text_fieldsമാനന്തവാടി: ഓണത്തോടനുബന്ധിച്ച് എ.എ.വൈ പദ്ധതിപ്രകാരം മഞ്ഞ കാർഡുടമകൾക്ക് സൗജന്യമായി റേഷൻ കടകൾവഴി നൽകേണ്ട കിറ്റുകളുടെ വിതരണം അവതാളത്തിൽ. ഈ മാസം 26 മുതൽ വിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും യഥാസമയം എത്താത്തതുമൂലം ഉപഭോക്താക്കൾ വലയുകയാണ്. കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഈ മാസം 26ന് നിർവഹിച്ചിരുന്നു. അന്നേദിവസം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജില്ലയിലെ ഭൂരിഭാഗം കടകളിലും ഭക്ഷ്യ ഉൽപന്നങ്ങൾ എത്തിയിട്ടില്ല.
14 ഇനങ്ങളാണ് സപ്ലൈകോ വഴി മാവേലി സ്റ്റോറുകളിൽ എത്തിച്ച് റേഷൻ കടകൾ വഴി വിതരണംചെയ്യാൻ തീരുമാനിച്ചത്. ബത്തേരി താലൂക്കിൽ 20958 ഉം മാനന്തവാടി 19736ഉം വൈത്തിരി താലൂക്കിൽ 14 606 ഉം ഉൾപ്പെടെ 55294 മഞ്ഞ കാർഡുടമകളാണ് ജില്ലയിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഗോത്ര വിഭാഗങ്ങളിൽപെട്ടവരാണ്.
26 മുതൽ കിറ്റ് നൽകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ നിരവധി ഉപഭോക്താക്കളാണ് കടകളിലെത്തി കിറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങിയത്. അതേസമയം, സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ബോണസ് പ്രഖ്യാപിച്ചിട്ടും റേഷൻ ലൈസൻസികൾക്ക് ബോണസ് നൽകാത്ത നടപടിക്കെതിരെയും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ബോണസായി പ്രഖ്യാപിച്ച 1000 രൂപ ഇനിയും ലഭിച്ചിട്ടില്ലെന്നും റേഷൻകട ഉടമകൾ പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.