തവിഞ്ഞാലിൽ വീണ്ടും കടുവ
text_fieldsമാനന്തവാടി: തലപ്പുഴ ഗോദാവരി കോളനിയിൽ കടുവക്കായി കൂടൊരുക്കി കാത്തിരിക്കുന്നതിനിടെ തവിഞ്ഞാലിൽ വീണ്ടും കടുവസാന്നിധ്യം. കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം പതിഞ്ഞ ക്ഷീര സംഘത്തിനടുത്ത് നിന്ന് മൂന്ന് കി.മീ. അകലെ തവിഞ്ഞാൽ 43ലാണ് ചൊവ്വാഴ്ച രാത്രിയിൽ കടുവയെ കണ്ടത്. അടിക്കടി കടുവയുടെ സാന്നിധ്യമുണ്ടായതിനെ തുടർന്നാണ് തിങ്കളാഴ്ച രാത്രി ഗോദാവരിയിൽ കൂടുവെച്ചത്. വളർത്തുമൃഗങ്ങളെ ആക്രമിക്കാത്ത സാഹചര്യത്തിൽ ആരോഗ്യവാനായ കടുവയാണ് പ്രദേശത്ത് വിഹരിക്കുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
കഴിഞ്ഞ നവംബറിൽ തവിഞ്ഞാൽ 43ാം മൈൽ പാരിസൺസ് എസ്റ്റേറ്റിനോടു ചേർന്ന വനത്തിൽ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ കാമറയിൽ തന്നെയാണ് ചൊവ്വാഴ്ച രാത്രിയും കടുവയുടെ ദൃശ്യം പതിഞ്ഞത്. ഏകദേശം മൂന്നര വയസ്സുള്ള കടുവയാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് തവിഞ്ഞാൽ 43ാം മൈലിൽ താമസിക്കുന്ന സന്തോഷിന്റെ വീടിനു സമീപം കടുവയെത്തിയത്. ശബ്ദം കേട്ട് മാനാണെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് അയൽവാസിയായ പ്രസന്നന്റെ വീടിന് സമീപത്തെ വനത്തിലേക്ക് കടുവ കയറിപ്പോകുന്നതു കണ്ടത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
നോർത്ത് വയനാട് പേര്യ റേഞ്ചിൽ വരയാൽ ഫോറസ്റ്റ് സെക്ഷൻ പരിധിയിലുൾപ്പെടുന്ന പ്രദേശമാണിത്. ഈ വനത്തോടു ചേർന്നാണ് പാരിസൺ എസ്റ്റേറ്റുമുള്ളത്. ബുധനാഴ്ച വരെ നോർത്ത് വയനാട് ആർ.ആർ.ടി സംഘവും വരയാൽ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇടങ്ങളിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം നടത്തി. ബുധനാഴ്ച നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും സംസാരിച്ചു.
ജനപ്രതിനിധികളായ എം.ജി. ബിജു, കെ. ഷബിത, ലൈജി തോമസ്, പി.എസ്. മുരുകേശൻ, അസീസ് വാളാട്, റോസമ്മ ബേബി എന്നിവർ സ്ഥലത്തെത്തി പ്രദേശവാസികൾക്കു ജാഗ്രതാ നിർദേശം നൽകി. പാരിസൺസ് എസ്റ്റേറ്റ്, ജോൺസൺകുന്ന്, 44ാംമൈൽ ഭാഗങ്ങളിൽ കടുവക്കായി തിരച്ചിൽ നടത്തി. പാരിസൺസ് എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൂടുതലായും ഈ ഭാഗം കേന്ദ്രീകരിച്ചാണ് വനപാലകർ തെിരച്ചിൽ നടത്തിയത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.