മാനന്തവാടിയിൽ ഉഷയുടേത് അട്ടിമറി ജയം; ആദ്യം മുതൽ ഉദ്വേഗം
text_fieldsമാനന്തവാടി: വോട്ടെണ്ണൽ ആദ്യ റൗണ്ടിൽ 744 വോട്ടിന്റെ ലീഡ് ഉഷ നേടിയിരുന്നു. രണ്ടാം റൗണ്ടിൽ 912 ആയി ലീഡ് ഉയർത്തി. മൂന്നാം റൗണ്ടിൽ എത്തിയപ്പോൾ ലീഡ് 388 ആയി കുറഞ്ഞു. നാലാം റൗണ്ടിൽ 1465 വോട്ടിന്റെ ലീഡിൽ ഒ.ആർ. കേളു മുന്നിലെത്തി. അഞ്ചാം റൗണ്ടിൽ 2586 ആയി ഉയർത്തി. ആറാം റൗണ്ടിൽ ലീഡ് 3253 ആയി കേളു വർധിപ്പിച്ചു. എന്നാൽ ഏഴാം റൗണ്ടിൽ ലീഡ് 2798 ആയി കുറഞ്ഞു. എട്ടാം റൗണ്ടിൽ ലീഡ് നില 1917ലേക്ക് കൂപ്പുകുത്തി. ഒമ്പതാം റൗണ്ടിൽ 317 ആയി കുറഞ്ഞു. പത്താം റൗണ്ടിൽ 1072 വോട്ടുകളുടെ ലീഡോടെ ഉഷ തിരിച്ചുപിടിച്ചു. പതിനൊന്നാം റൗണ്ടിൽ 1880 ആയും പന്ത്രണ്ടാം റൗണ്ടിൽ 3674 ആയും പതിമൂന്നാം റൗണ്ടിൽ 4606 ആയും ഉയർത്തി. പതിനാലാം റൗണ്ടിൽ 6458 ആയി വർധിപ്പിച്ചു. പതിനഞ്ചിൽ 7932 ആയി ഉയർത്തി. പതിനാറാം റൗണ്ടിൽ 9378 വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പിച്ചു. പതിനേഴാം റൗണ്ടിൽ 10,543 വോട്ട് നേടി വിജയം കൈവരിച്ചു.
പോസ്റ്റൽ വോട്ടുകളിൽ 178 വോട്ടുകളുടെ ലീഡും ഉഷ നേടി. 2021ൽ 9282 വോട്ടുകൾക്കാണ് ഒ.ആർ. കേളു യു.ഡി.എഫിലെ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. 2016ൽ 1307 വോട്ടിനാണ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ പരാജയം. ഭരണവിരുദ്ധ വികാരവും ഐക്യത്തോടെയുള്ള യു.ഡി.എഫിന്റെ പ്രവർത്തനവുമാണ് മികവാർന്ന ജയം സമ്മാനിച്ചത്.
പരാജയം രുചിക്കാതെ തേരോട്ടം
മാനന്തവാടി: മത്സരരംഗത്ത് ഇറങ്ങിയ കാലംതൊട്ട് പരാജയത്തിന്റെ രുചിയറിയാതെയുള്ള തേരോട്ടമാണ് ഉഷ വിജയന്റേത്. 2010ൽ എടവക പഞ്ചായത്തിലേക്കായിരുന്നു കന്നിയങ്കം. 2015 ജില്ല പഞ്ചായത്തിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി. 2020ൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2025ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെംബറായിരിക്കെയാണ് 2026ൽ നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്. നിലവിൽ ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയാണ്. എള്ളുമന്ദം കൂട്ടമുണ്ട വിജയനാണ് ഭർത്താവ്. മക്കൾ: അഭയ കൃഷ്ണ കെ. വിജയ് (ഐ.ആർ.ബി െട്രയ്നി), വിവേകാനന്ദ് കെ. വിജയ് (വിദ്യാർഥി).
മാനന്തവാടിയിൽ എല്ലാം പിഴച്ച് സി.പി.എം; ഇത് യു.ഡി.എഫ് മണ്ണ് -ഉഷ വിജയൻ
മാനന്തവാടി: കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും പ്രതീക്ഷയില്ലെങ്കിലും മാനന്തവാടി മണ്ഡലത്തിൽ വൻ പ്രതീക്ഷ പുലർത്തിയിരുന്നു സി.പി.എം. എന്നാൽ എല്ലാ കണക്കുകൂട്ടലും പിഴച്ച് യു.ഡി.എഫിന്റെ ഉഷ വിജയൻ വെന്നിക്കൊടി പാറിക്കുകയായിരുന്നു. യു.ഡി.എഫിന്റെ മണ്ണാണ് മാനന്തവാടിയെന്ന് ഉഷ വിജയൻ പറഞ്ഞു. പത്തു വർഷം മുമ്പ് നഷ്ട െപ്പട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇത് യു.ഡി.എഫിന്റെ ഐക്യത്തിന്റെ വിജയമാണ്. മാനന്തവാടിയിലെ എല്ലാ വോട്ടർമാരോടും നന്ദിയുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരുമയോടെ പ്രവർത്തിച്ചു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും ഫലത്തിൽ പ്രതിഫലിച്ചു. തുടക്കം മുതൽ തന്നെ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. അതു തന്നെ സംഭവിച്ചുവെന്നും അവർ പറഞ്ഞു.
എന്നാൽ പരാജയകാരണം വികസനത്തിന്റെ കുറവല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ ഒ.ആർ. കേളു പറഞ്ഞു. മാനന്തവാടി മണ്ഡലം യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ്. അതിനെ അതിജീവിച്ചാണ് 2016ലും 2021ലും ഞാൻ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കണ്ട വലിയൊരു തരംഗം യു.ഡി.എഫിന് അനുകൂലമായതായി കരുതുന്നു. കഴിഞ്ഞ പത്തു വർഷക്കാലം മാനന്തവാടി മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ ഒരിക്കലുമില്ലാത്ത വലിയൊരു മുന്നേറ്റമാണ്. ജനപ്രതിനിധി ഒരു ആരോപണവും ഉണ്ടാക്കിയിട്ടില്ല. വോട്ടർമാർ തള്ളിക്കളയേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ബൂത്തടിസ്ഥാനത്തിലുള്ള വോട്ടുകളുടെ കണക്ക് പരിശോധിച്ച് പരാജയത്തെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ തവണത്തേതിനേക്കാൾ വോട്ട് കൂടിയത് വലിയ അംഗീകാരമായി കാണുന്നുവെന്നും വോട്ടു ചെയ്തവർക്കും രാപ്പകൽ അധ്വാനിച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സജീവമായി പൊതുപ്രവർത്തന രംഗത്ത് ഉണ്ടാകുമെന്നും എൻ.ഡി.എ സ്ഥാനാർഥി പി. ശ്യാം രാജ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

