ചാലിഗദ്ധയിൽ കാട്ടാന വിളയാട്ടം; വ്യാപക കൃഷിനാശം
text_fieldsചാലിഗദ്ധയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച പാപ്പിനിശ്ശേരി ടിജി ജോൺസന്റെ കൃഷി
മാനന്തവാടി: ചാലിഗദ്ധയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കയർവേലിയും തകർത്താണ് കാട്ടാനക്കൂട്ടം മാനന്തവാടി നഗരസഭയിലെ പതിമൂന്നാം ഡിവിഷനിൽപ്പെട്ട ചാലിഗദ്ധയിൽ വ്യപകമായി കൃഷി നശിപ്പിച്ചത്. 2017 മുതലുള്ള ജനങ്ങളുടെ മുറവിളികൾക്കൊടുവിലാണ് മൂന്നരക്കോടി രൂപ മുടക്കി പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ കയർവേലിസ്ഥാപിച്ചത്.
അടുത്ത കാലത്താണ് നിർമാണം പൂർത്തിയായത്. പിന്നാലെ കാട്ടാനക്കൂട്ടമെത്തി വേലി ചവിട്ടി നശിപ്പിച്ചു. പന്ത്രണ്ട് മീറ്ററോളം ദൂരം വേലി നശിപ്പിച്ച കാട്ടാനകൾ കൃഷിയിടത്തിലേക്കിറങ്ങുകയായിരുന്നു. പാപ്പിനിശ്ശേരി ടിജി ജോൺസൺ, തോമസ്, ഒഴുകയിൽ നിർമ്മല, തൊട്ടിയിൽ രവി എന്നിവരുടെ തോട്ടങ്ങളിലെ വാഴ, കാപ്പി, കവുങ്ങ്, തെങ്ങ് എന്നിവ നശിപ്പിച്ചു. പടക്കം പൊട്ടിച്ചെറിഞ്ഞാണ് നാട്ടുകാർ ആനകളെ തുരത്തിയത്.
കുറുവ ദ്വീപിൽനിന്നാണ് ആനകൾ ഇവിടേക്ക് എത്തുന്നത്. വനം വകുപ്പിനെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണത്തിലെ അഴിമതിമൂലം കാര്യക്ഷമമല്ലാതെയാണ് കയർവേലി സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതാണ് കാട്ടാനകൾ വേലി തകർക്കാൻ കാരണം. ബലമില്ലാത്ത തൂണുകളടക്കമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് കാട്ടാനകൾക്ക് എളുപ്പത്തിൽ വേലി തകർക്കാനായത്. നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.