കമ്പിക്കെണിയിൽ പുള്ളിപ്പുലി കുടുങ്ങി, കാട്ടിൽ വിട്ടു
text_fields1. കമ്പിക്കെണിയിൽ കുടുങ്ങിയ പുലി വനംവകുപ്പിന്റെ കൂട്ടിൽ 2. മയക്കുവെടി വെച്ച് വലയിലാക്കിയ പുലിയെ കൂട്ടിൽ കയറ്റാനായി കൊണ്ടുപോകുന്നു
മേപ്പാടി: നെടുമ്പാല എസ്റ്റേറ്റിലെ മൂന്നാം നമ്പർ മയ്യത്തുംകരയിൽ കമ്പിവേലിക്കെണിയിൽ പുള്ളിപ്പുലി കുടുങ്ങി. വനം വകുപ്പധികൃതർ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടടുത്താണ് മുൻ കാലുകൾ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിൽ ആൺപുലിയെ നാട്ടുകാർ കണ്ടത്. വനം വകുപ്പധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്. കെ. രാമന്റെ നേതൃത്വത്തിൽ ദ്രുത കർമ സേന, ആംബുലൻസ് അടക്കമുള്ള തയാറെടുപ്പുകളുമായി വനം വകുപ്പധികൃതർ സ്ഥലത്തെത്തി.
പുലിയെ മയക്കുവെടി വെക്കുന്നതിനായി സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്ന് ഡോ. അജേഷ് മോഹൻ ദാസ്, ബയോളജിസ്റ്റ് വിഷ്ണു എന്നിവരെത്തി. ഉച്ചക്ക് ഒരു മണിയോടെ മയക്കുവെടിവെക്കുകയായിരുന്നു.
കുറച്ചു നേരത്തിന് ശേഷം പുലിയെ വലക്കുള്ളിലാക്കി മുമ്പെ തയാറാക്കി നിർത്തിയ കൂട്ടിനുള്ളിലാക്കി ഗ്ലൂക്കോസ് ഡ്രിപ്പ് നൽകി. ദേഹത്ത് കുടുങ്ങിയ കേബിളുകൾ ഊരിയെടുത്തു. തുടർന്ന് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ട് വയസിനടുത്ത് പ്രായമുള്ള പുലി ആരോഗ്യവാനാണെന്നും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. പുലി കുടുങ്ങിയതറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ നൂറു കണക്കിനാളുകളെ വനപാലകരും മേപ്പാടി പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നെടുമ്പാല മൂന്നാം നമ്പർ പ്രദേശത്ത് പുലി സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ വന മേഖലയിൽ നിന്നാണ് പുലികൾ ജനവാസ മേഖലയിലേക്കെത്തുന്നത്. പുലികൾ വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്ന സംഭവങ്ങൾ ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.